നയിച്ച് രാഹുല്‍, അണിനിരന്ന് ആയിരങ്ങള്‍; ബഫര്‍ സോണില്‍ ശക്തമായ താക്കീതായി വയനാട്ടില്‍ യുഡിഎഫ് റാലി

Jaihind Webdesk
Saturday, July 2, 2022

സുൽത്താൻ ബത്തേരി: ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന നിലപാട് കടുപ്പിച്ച് കോൺഗ്രസും യുഡിഎഫും. ബഫർ സോണിനെതിരെ റാലി നയിച്ച് രാഹുൽ ഗാന്ധി. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും ആളുകളെ ഭയപ്പെടുത്താൻ കഴിയുമെന്ന് ബിജെപിയും സിപിഎമ്മും ഒരുപോലെ വിശ്വസിക്കുന്നതായി രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിൽ പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. രാഹുൽ ഗാന്ധി റാലി നയിച്ച റാലിയിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എന്നിവരും മറ്റ് നേതാക്കളും ഒപ്പം ചേർന്നു.

സുല്‍ത്താന്‍ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നടന്ന പൊതുയോഗം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ബിജെപിയും സിപി എമ്മും അക്രമത്തിലാണ് വിശ്വസിക്കുന്നത്. അക്രമത്തിലൂടെ യും ഭീഷണിയിലൂടെയും ആളുകളെ ഭയപ്പെടുത്താൻ കഴിയുമെന്ന് ഇരു പാർട്ടികളും വിശ്വസിക്കുന്നതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ആത്മധൈര്യം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും അക്രമം കൊണ്ട് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. അഞ്ച് ദിവസം എന്നെ ചോദ്യം ചെയ്താൽ ഞാൻ ഞാൻ ഭയപ്പെടുമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. ഇവിടെ സിപിഎം കരുതുന്നത് എന്‍റെ ഓഫീസ് അക്രമിച്ചാൽ എന്നെ ഭയപ്പെടുത്താൻ കഴിയുമെന്നാണ്.

എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങൾ കാരണമാണ് ബഫർ സോൺ വിഷയത്തിൽ തിരിച്ചടി ഉണ്ടാകാൻ കാരണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. ജനവാസ മേഖലയിൽ ബഫർ സോൺ ഉണ്ടാകാൻ പാടില്ല. അതാണ് യുഡിഎഫ് നിലപാട്. അതിൽ ഒരിക്കലും മാറ്റം വരില്ല. അതുകൊണ്ട് മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണം. എന്‍റെ ഓഫീസ് തല്ലിത്തകർത്തത് കൊണ്ട് ഇതു സംബന്ധിച്ച എന്‍റെ നിലപാടിൽ മാറ്റം ഉണ്ടാകില്ല. ഇടതുപക്ഷ സർക്കാർ ജനവാസ മേഖല ഉൾപ്പെടുത്തി ബഫർ സോൺ പ്രഖ്യാപിച്ചാൽ യുഡി എഫും കോൺഗ്രസും അതിനെ എതിർക്കും. എതിർപ്പ് എന്നത് സമാധാനത്തിൽ അധിഷ്ഠിതമായിരിക്കും. ജനവാസ മേഖലകൾ ബഫർ സോണിന്‍റെ ഭാഗമാക്കാൻ ഒരിക്കലും അനുവദിക്കില്ല. വയനാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ നേരിടും. അതിനൊപ്പം കോൺഗ്രസും യുഡിഎഫും നിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.