കേരളത്തിന്റെ മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്തത് ഒരു ദൈവനിയോഗമായി കാണുന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, തന്നെ ഈ നിലയിലേക്ക് വളര്‍ത്തിയത് യുഡിഎഫ് എന്ന ടീമാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തില്‍ ഒരു പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യും. കേവലമായ രാഷ്ട്രീയത്തിനപ്പുറം പൊതുപ്രവര്‍ത്തനത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റിയെഴുതുന്ന രീതിയിലാകും വരുംദിവസങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കെ.സി. വേണുഗോപാലിന്റെ ഏകോപനവും രമേശ് ചെന്നിത്തലയുടെ നേതൃപാടവവും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം നിലവില്‍ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്ക് മാത്രമായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുകേരളം കെട്ടിപ്പടുക്കാന്‍ മുഴുവന്‍ ടീമും കൂടെയുണ്ടാകുമെന്നും സങ്കീര്‍ണ്ണമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ജനപിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
"എന്നെ ഞാനാക്കിയത് യുഡിഎഫ്, ഇതൊരു ദൈവനിയോഗം"; നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ പ്രതികരണം