ചിന്നസ്വാമിയിൽ കോഹ്‌ലിപ്പടയുടെ അഴിഞ്ഞാട്ടം; ഹൈദരാബാദിനെതിരെ ആർ.സി.ബിക്ക് ആധികാരിക ജയം.
ഐ.പി.എൽ 19-ാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്ക് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 38 പന്തിൽ 80 റൺസ് അടിച്ചുകൂട്ടിയ നായകൻ ഇഷാൻ കിഷന്റെയും, 18 പന്തുകളിൽ മൂന്ന് ഫോറുകളും നാലുസിക്സുകളുമടക്കം 43 റൺസ് നേടി തകർത്താടിയ അനികേത് വെർമ്മയുടെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോറിലെത്തിയത്. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്‌ലിയും സംഘവും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആവേശം ഉൾക്കൊണ്ട് ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക്ഓപ്പണർ ഫിൽ സാൾട്ടിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും അർദ്ധസെഞ്ച്വറികൾ നേടുകയും രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്ത മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കലും (26 പന്തുകളിൽ ഏഴുഫോറും നാലുസിക്സുമടക്കം 61 റൺസ്) വിരാട് കൊഹ്ലിയും(38 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം പുറത്താകാതെ 69 റൺസ്) ചേർന്നാണ് ബെംഗളുരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്.
ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി വിരാട് കോഹ്‌ലിയുടെ അചഞ്ചലമായ ബാറ്റിംഗ് കരുത്തിൽ ആർ.സി.ബി മറികടന്നു. ഐ.പി.എൽ കരിയറിലെ തന്റെ 64-ാം അർദ്ധസെഞ്ച്വറി കുറിച്ച വിരാട് കോഹ്‌ലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒൻപതാം ഓവറിൽ ദേവ്‌ദത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (31), ടിം ഡേവിഡ് (16*) എന്നിവർ വിരാടിന് മികച്ച പിന്തുണ നൽകി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ജേക്കബ് ഡഫി തകർപ്പൻ സ്പെല്ലിലൂടെ ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും വീഴ്ത്തിയെങ്കിലും, ഇഷാൻ കിഷൻ കളം മാറ്റിമറിച്ചു. വെറും 27 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച ഇഷാൻ, ക്ളാസനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസാണ് കൂട്ടിച്ചേർത്തത്.
ഐ.പി.എല്ലിൽ 3000 റൺസും ഇഷാൻ തികച്ചു. 14-ാം ഓവറിൽ റൊമാരിയോ ഷെപ്പേഡാണ് ക്ളാസനെ പുറത്താക്കിയത്. അടുത്ത ഓവറിൽ സലിൽ അറോറയെ (9) സുയാഷ് പുറത്താക്കി.അഭിനന്ദൻ സിംഗ് എറിഞ്ഞ 16-ാം ഓവറിൽ ബൗണ്ടറി ലൈനിനരികിൽ ഫിൽ സാൾട്ടിന്റെ അതിമനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് ഇഷാൻ പുറത്തായത്. അവസാന ഓവറുകളിൽ ഹർഷ് ദുബെ(3), ഹർഷൽ പട്ടേൽ (0), എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അനികേതിന്റെ വെടിക്കെട്ട് ടീം സ്കോർ 201ലെത്തിച്ചു. ആർ.സി.ബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.ഭുവനേശ്വർ കുമാർ,സുയാഷ്, അഭിനന്ദൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.