സൈബർ ഇടങ്ങളിൽ 'ക്യാപ്സ്യൂൾ' പ്രതിരോധം; സർക്കാരിനെ കാക്കാൻ പി.ആർ.ഡി.യിൽ പ്രത്യേക സംഘം

സർക്കാരിനും മന്ത്രിമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങളെയും വാർത്തകളെയും നേരിടാൻ പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) പുതിയ സംവിധാനം ഒരുക്കി. എൽ.ഡി.എഫ് അനുകൂല നിലപാടുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഡയറക്ടറേറ്റിൽ ഒരു 'ക്യാപ്സ്യൂൾ' സംഘം പ്രവർത്തനം ആരംഭിച്ചു. സർക്കാരിനെതിരായ പോസ്റ്റുകൾക്കും വാർത്തകൾക്കും ട്രോളുകൾക്കും താഴെ കൃത്യമായ മറുപടി കമന്റുകളായി രേഖപ്പെടുത്തുകയാണ് ഈ സംഘത്തിന്റെ ചുമതല. ഇതിനായി എല്ലാ ജില്ലകളിലും 'ഫാക്ട് ചെക്ക്' എന്ന പേരിൽ സോഷ്യൽ മീഡിയ ഐഡികളും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ ഓഫീസുകൾക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 'പ്രിസം' ടീമിനാണ് ഇതിന്റെ താഴെത്തട്ടിലുള്ള ചുമതല നൽകിയിരിക്കുന്നത്. ജില്ലകളിൽ സർക്കാരിനെതിരെയുള്ള വാർത്തകളും ട്രോളുകളും ശേഖരിച്ച് ഡയറക്ടറേറ്റിലേക്ക് അയക്കണം. അവിടെ ക്രോഡീകരിക്കുന്ന വിവരങ്ങൾ അതത് വകുപ്പുകൾക്ക് കൈമാറി മറുപടി ശേഖരിക്കും. ഈ മറുപടികൾ കുറിക്കുകൊള്ളുന്ന രീതിയിൽ 'ക്യാപ്സ്യൂളുകൾ' ആയി മാറ്റിയ ശേഷം ജില്ലാ ഓഫീസുകൾ വഴി കമന്റുകളായി പോസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.
ഈ പ്രതിരോധ നീക്കം പലപ്പോഴും പ്രതിസന്ധിയിലാകുന്നത് വകുപ്പുകളുടെ മറുപടി വൈകുന്നത് മൂലമാണ്. പല ആരോപണങ്ങളിലും മന്ത്രിമാരുടെ നിലപാട് കൃത്യമായി അറിയാത്തതിനാൽ ഉദ്യോഗസ്ഥർ മറുപടി നൽകാൻ ബുദ്ധിമുട്ടുന്നു. കൂടാതെ, പല മന്ത്രിമാർക്കും സ്വന്തമായി പി.ആർ ടീമുകളുള്ളതിനാൽ അവർ പി.ആർ.ഡിയുടെ ചോദ്യങ്ങളോട് സഹകരിക്കാറുമില്ല. മന്ത്രിമാരെ സമയത്തിന് ലഭ്യമാകാത്തതും മറുപടി തയാറാക്കുന്നതിന് തടസ്സമാകുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രതിരോധം തീർക്കാൻ സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലായി ഉന്നയിച്ച 40 ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകണമെന്ന് സ്പീക്കർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിമാർ ഇത് അവഗണിക്കുന്ന സ്ഥിതിയാണുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.