കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്ത ചോർഭഗൻ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ദാരുണ അപകടത്തിൽ മരണം 19 ആയി ഉയർന്നു. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ 25 പേരിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൂജ സംഘാടകർ ഉൾപ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മേഖലയിലുണ്ടായ കനത്ത മഴയും മിന്നലുമാണ് ദുരന്തത്തിന് കാരണമായത്. മഴ ശക്തമായതോടെ പുറത്തുണ്ടായിരുന്ന ഭക്തർ ഒന്നടങ്കം പന്തലിലേക്ക് കയറാൻ ശ്രമിച്ചതാണ് വലിയ തിക്കിനും തിരക്കിനും ഇടയാക്കിയത്. തിരക്കിനിടയിൽപെട്ട് പലർക്കും ബോധക്ഷയമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. പന്തലിന്റെ അകത്തേക്കും പുറത്തേക്കും കടക്കാനുള്ള കവാടങ്ങൾ വളരെ ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും സംഘാടനത്തിൽ വീഴ്ച സംഭവിച്ചതായും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി