സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഈ മാസം 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, ഈ മാസം 23-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. നിലവിലുള്ള നിയമസഭാ സമ്മേളനം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ വ്യക്തത വരുത്തിയിരിക്കുന്നത്.മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്ത പുതിയ ഇ.സി.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് കേസിൽ കൂടുതൽ അന്വേഷണത്തിന് വഴിതെളിഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് ഇ.സി.ഐ.ആറുകളാണ് ഇ.ഡി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിൽ കേസെടുത്തിട്ടുണ്ട്.
സിഎംആർഎല്ലിൽ നിന്ന് വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വീണയും പ്രതിയാണ്. നേരത്തെ രജിസ്റ്റർ ചെയ്ത ഇ.ഡി കേസിനൊപ്പമായിരിക്കും പിണറായിക്കെതിരെയുള്ള പുതിയ കേസും അന്വേഷിക്കുക. വിജിലൻസ് അന്വേഷണവും ഇ.ഡി നടപടികളും ഒരേസമയം മുന്നോട്ടുപോകുന്നത് പിണറായി വിജയനും കുടുംബത്തിനും കൂടുതൽ കുരുക്കാവുകയാണ്.
മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി വിജയൻ