സ്വപ്ന എങ്ങനെ കേരളം വിട്ടെന്നും ഒളുവില്‍ കഴിഞ്ഞെന്നും ഉത്തരമില്ലാതെ പൊലീസും ആഭ്യന്തര വകുപ്പും
Jaihind TV News Report
Jaihind TV Web Desk
November 04, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എങ്ങനെ കേരളം വിട്ടെന്നോ, എവിടെ ഒളിവിൽ കഴിഞ്ഞെന്നോ സംസ്ഥാന പോലീസിന് ഇപ്പോഴും ഉത്തരമില്ല. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തര വകുപ്പ് തലവൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര മാനങ്ങളുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പിടിയിലായി ഒരു വർഷം പിന്നിടുമ്പോഴും, ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് സ്വപ്ന എങ്ങനെ കേരളം വിട്ടു എന്നുള്ള ചോദ്യത്തിന് സംസ്ഥാന പോലീസിന് ഇപ്പോഴും മറുപടിയില്ല. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിനുള്ളിലും സ്വപ്ന ഒളിവിൽ കഴിഞ്ഞത് എവിടെ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വകുപ്പിൽ ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ട്രിപ്പിൾ ലോക്ക് ഡൗണിനിടെ സ്വപ്ന സുരേഷ് കേരളം വിട്ടതിൽ പൊലീസിലെ ചില ഉന്നതർക്ക് പങ്കുണ്ടെന്ന് അന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ പോലീസ് ഡിപ്പാർട്ട്മെന്റിലാരെങ്കിലും സഹായം നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്വപ്നയ്ക്ക് ഒളിത്താവളമൊരുക്കിയത് ആരെന്നോ ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് ജില്ലാ അതിർത്തി സ്വപ്ന എങ്ങനെ കടന്നുവെന്നോ പൊലീസിന് അറിവില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നു.
വിവാദമായ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തിന്റെ ഉറവിടമോ റെക്കോർഡ് ചെയ്ത സ്ഥലമോ സന്ദേശം പുറത്തുവിട്ട ആളെയോ അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഒരു വർഷത്തെ ജയിൽവാസത്തിനുശേഷം സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിട്ടും, ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് സ്വപ്ന കേരളം വിട്ടത് എങ്ങനെയെന്ന് അറിയാത്ത ആഭ്യന്തരവകുപ്പിന്റേത് കെടുകാര്യസ്ഥതയെന്ന ആക്ഷേപമാണ് ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10