സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി കോടതി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള വെറുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍, അതിനെ സര്‍ക്കാര്‍ വാക്കുപാലിച്ചതായി കണ്ടുകൂടേ എന്ന് കോടതി ചോദിച്ചു. പദ്ധതി നിര്‍ത്തലാക്കണമെന്ന് എങ്ങനെയാണ് പറയാനാകുക എന്നും കോടതി ആരാഞ്ഞു. വിശദമായ വാദങ്ങള്‍ കേട്ട ശേഷം ഹര്‍ജി വിധി പറയാനായി മാറ്റി.
സ്ത്രീശാക്തികരണമാണ് പ്രിയദര്‍ശിനി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. പാവപ്പെട്ട സാധാരണക്കാര്‍ക്കല്ലേ ഇത്തരം പദ്ധതികളുടെ പ്രയോജനം ലഭിക്കുകയെന്ന് കോടതിയും ഈ ഘട്ടത്തില്‍ നിരീക്ഷിച്ചു. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഇതിന് പിന്നിലെന്ന ഹര്‍ജിക്കാരന്റെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ വാക്ക് പാലിച്ചതായി കണ്ടുകൂടെ; പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകും: സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി