തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിവെച്ച നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് വ്യക്തമായതോടെ പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിച്ചു.
താന്‍ സമാധിയാകാന്‍ പോവുകയാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്ന്, ഗോപന്‍ സ്വാമിയുടെ മരണശേഷം നാട്ടുകാരെയോ മറ്റ് ബന്ധുക്കളെയോ അറിയിക്കാതെ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്. രഹസ്യമായി സംസ്‌കാരം നടത്തിയതിലും കൊലപാതക സാധ്യതയിലുമുള്ള സംശയങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ആചാരലംഘനം ചൂണ്ടിക്കാട്ടി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടലോടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച സമാധിസ്ഥലത്ത് മുന്‍പ് പൂജകളും നടന്നിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് ഉറപ്പായതോടെയാണ് നിലനിന്നിരുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായത്.
ദുരൂഹതകള്‍ നീങ്ങി; നെയ്യാറ്റിന്‍കര ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ച് പോലീസ്