മുംബൈ ഇന്ത്യന്‍സിന് ഹാട്രിക് തോല്‍വി; ബാംഗ്ലൂരിനോട് പരാജയപ്പെട്ടത് 18 റണ്‍സിന്
Jaihind TV News Report
Jaihind TV Web Desk
April 13, 2026
1 min read
•
Updated: June 03, 2026
മുംബൈ: ഐപിഎല്ലില്‍ പരാജയങ്ങളുടെ പരമ്പര തുടരുന്ന മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം തോല്‍വി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 18 റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ മികച്ച രീതിയില്‍ പൊരുതിയെങ്കിലും 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനേ മുംബൈക്ക് സാധിച്ചുള്ളൂ. ഷെഫാനെ റുതര്‍ഫോര്‍ഡിന്റെ മിന്നും ബാറ്റിംഗ് മുംബൈയുടെ തോല്‍വിഭാരം കുറച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ വെറും 10.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സ് അടിച്ചുകൂട്ടി. 36 പന്തില്‍ 78 റണ്‍സ് നേടിയ സാള്‍ട്ട് പുറത്തായെങ്കിലും പിന്നാലെ വന്ന രജത് പടിധാര്‍ വെടിക്കെട്ട് തുടര്‍ന്നു. വെറും 20 പന്തില്‍ നിന്ന് 53 റണ്‍സാണ് പടിധാര്‍ അടിച്ചെടുത്തത്. 38 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോലിയും തിളങ്ങിയതോടെ ബെംഗളൂരു കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. അവസാന ഓവറുകളില്‍ ടിം ഡേവിഡ് (16 പന്തില്‍ 34*) നടത്തിയ പ്രകടനം സ്‌കോര്‍ 240-ല്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (19) പേശി വലിവിനെ തുടര്‍ന്ന് 'റിട്ടയേര്‍ഡ് ഹര്‍ട്ട്' ആയി മടങ്ങിയത് മുംബൈയുടെ താളം തെറ്റിച്ചു. റിയാന്‍ റിക്കിള്‍ട്ടണ്‍ (37), ഹാര്‍ദിക് പാണ്ഡ്യ (40), സൂര്യകുമാര്‍ യാദവ് (33) എന്നിവര്‍ ശ്രമിച്ചെങ്കിലും മധ്യഓവറുകളില്‍ വിക്കറ്റുകള്‍ വീണത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. തിലക് വര്‍മ്മയും നമന്‍ ധീറും വേഗത്തില്‍ പുറത്തായതും ടീമിന് തിരിച്ചടിയായി.
അവസാന ഘട്ടത്തില്‍ ഷെഫാനെ റുതര്‍ഫോര്‍ഡ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് മത്സരത്തില്‍ മുംബൈയുടെ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒമ്പത് സിക്‌സറുകളും ഒരു ഫോറുമടക്കം 31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് താരം അടിച്ചുകൂട്ടി. മിച്ചല്‍ സാന്റ്‌നറെ (8*) കൂട്ടുപിടിച്ച് റുതര്‍ഫോര്‍ഡ് പൊരുതിയെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ നിയന്ത്രണം പാലിച്ചതോടെ മുംബൈ 222 റണ്‍സില്‍ ഒതുങ്ങി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലായ മുംബൈക്ക് വരും മത്സരങ്ങള്‍ അതിനിര്‍ണ്ണായകമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10