Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശ്രീകുമാർ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായി മഞ്ജു വാര്യർ ; പ്രിയപ്പെട്ട മഞ്ജു, എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ശ്രീകുമാർ

ശ്രീകുമാർ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായി മഞ്ജു വാര്യർ ; പ്രിയപ്പെട്ട മഞ്ജു, എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ശ്രീകുമാർ
സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താൻ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജു വാര്യർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരിൽ കണ്ട് മഞ്ജു പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു പരാതി നൽകിയത്. കുറേ മാസമായി തനിക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോനും സുഹൃത്തുമായിരുന്നു. ശ്രീകുമാർ മേനോന്‍റെ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. തന്‍റെ നേതൃത്വത്തിലെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് താൻ ചെക്കും ലെറ്റർ ഹെഡും ഒപ്പിട്ട് നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. കൂടെ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. തന്നെ പ്രോജക്റ്റുകളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. സംഘടിത ആക്രമണമാണ് ഇവരുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് സംശയിക്കുന്നു. ഒടിയൻ സിനിമയ്ക്ക് ശേഷം സമൂഹമധ്യമങ്ങളിലൂടെ നടന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ഇവരായിരുന്നു. മഞ്ജുവിനെതിരെ ശ്രീകുമാർ മേനോൻ സംസാരിക്കുന്ന ഓഡിയോ സഹിതമാണ് പരാതി നൽകിയതെന്നാണ് വിവരം. മഞ്ജു അഭിനയിച്ച ഒടിയൻ സിനിമയുടെ സംവിധായകൻ കൂടിയാണ് ശ്രീകുമാർ മേനോൻ. സിനിമയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന് മഞ്ജു വിട്ടുനിന്നതിൽ ശ്രീകുമാർ മേനോൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേ സമയം മഞ്ജുവിന് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തി. പരാതിയെ കുറിച്ച് താന്‍ അറിയുന്നത് മാധ്യമങ്ങളിൽ നിന്നാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന തന്നെ ഇപ്പോള്‍ തള്ളിപ്പറയുന്നതിന് പിന്നില്‍ എന്താണെന്നും ഇത്രവേഗം മഞ്ജു എല്ലാം മറന്നോ എന്നും ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ അറിയിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ് ബുക്കിൽ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു.... നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ ??? എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു. നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ. അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും. എന്നാലും മഞ്ജു.... കഷ്ട്ടം!! അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?! കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...? നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ? ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ അവസരത്തിൽ ഈ കുറിച്ചതിനപ്പുറം എനിക്കൊന്നും പറയാനില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in