ഇത്തവണ കേരളത്തിൽ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 26 ഓടെ കേരളത്തിൽ മൺസൂൺ എത്തിയേക്കും. എന്നാൽ ഇതിൽ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തമായ ന്യൂനമർദ്ദം (Well-Marked Low Pressure Area) നിലനിൽക്കുന്നുണ്ട്.
ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. ഇന്ന് (മേയ് 14) ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. മേയ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലുടനീളം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരും. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.