'യുഡിഎഫിനെ കൂട്ടിക്കെട്ടാൻ നോക്കേണ്ട'; സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് വെറും രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. എന്നാൽ യുഡിഎഫിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ നോക്കേണ്ടെന്നും, രാഷ്ട്രീയ വേട്ടയാടൽ കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സ്വർണ്ണക്കൊള്ള വിവാദം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലാണെന്ന് വേണുഗോപാൽ പരിഹസിച്ചു. 22 വർഷം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പോറ്റി ശബരിമലയിൽ കയറിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. അന്വേഷണ ഏജൻസിയായ എസ്ഐടി മുഖ്യമന്ത്രിയുടെ കയ്യിലാണല്ലോ എന്നും, അക്കാലത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആർക്കാണ് തടസ്സമെന്നും അദ്ദേഹം വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ ഇത്തരമൊരു നിലപാടിനോട് 'ഹാ കഷ്ടം' എന്നേ പറയാനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ കയറിയത് 2007-ലാണെന്ന വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ആ സമയത്ത് ആരായിരുന്നു ദേവസ്വം മന്ത്രിയെന്ന് എല്ലാവർക്കും അറിയാവുന്നതാണ് (കെ.ബി. ഗണേഷ് കുമാറിനെ സൂചിപ്പിച്ച്). വസ്തുതകൾ ഇതായിരിക്കെ, പണ്ട് ദേവസ്വം മന്ത്രിയായിരുന്ന തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അപഹാസ്യമാണെന്നും മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. നോട്ടീസ് ലഭിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായത് യുഡിഎഫിന് ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.