തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലാണ് നിലവിൽ ശക്തമായ മഴ പ്രവചിച്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.
നാളെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മഴയുടെ ശക്തി തെക്കൻ, മധ്യ കേരളത്തിലേക്ക് കൂടി വ്യാപിക്കാനാണ് സാധ്യത. നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. തുലാവർഷ മഴയായതിനാൽ ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുക.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.