തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കെ. മുരളീധരനെ നേരിട്ടെത്തി അഭിനന്ദിച്ച് കെ. സുധാകരന്‍ എംപി. തിരുവനന്തപുരം പിഎംജിയിലെ മുരളീധരന്റെ ഓഫീസിലെത്തിയാണ് സുധാകരന്‍ ആശംസകള്‍ അറിയിച്ചത്. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിച്ചുകൊണ്ടുള്ള ഉജ്ജ്വല വിജയത്തില്‍ മുരളീധരനെ സുധാകരന്‍ പ്രത്യേകം അഭിനന്ദിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, തന്റെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. 'ഇതൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണ്. മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും,' അദ്ദേഹം പറഞ്ഞു.
തീരുമാനം സെക്കന്റുകള്‍ക്കുള്ളില്‍: കെ. മുരളീധരന്‍
മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിലവില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. 'ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും. എന്റെ മനസ്സിലുള്ള പേര് പറയേണ്ട വേദിയില്‍ ഞാന്‍ കൃത്യമായി പറയും,' മുരളീധരന്‍ വ്യക്തമാക്കി. രണ്ട് മുന്‍ കെപിസിസി അധ്യക്ഷന്മാരുടെ തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വട്ടിയൂര്‍ക്കാവിലെ വന്‍ വിജയത്തിന് പിന്നാലെ മുരളീധരന്റെ ഓഫീസില്‍ പ്രവര്‍ത്തകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുരളീധരന് ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേര്‍ന്നാണ് സുധാകരന്‍ മടങ്ങിയത്.
മുരളീധരന് ആശംസകളുമായി സുധാകരന്‍; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് നേതാക്കള്