Logo
Mon, Jun 22, 2026 • 02:01 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യ-യുകെ ചരിത്ര കരാർ; ബ്രിട്ടീഷ് കാറുകൾക്ക് വില കുത്തനെ കുറയും, ഇന്ത്യൻ കമ്പനികൾക്ക് വൻ നേട്ടം!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യ-യുകെ ചരിത്ര കരാർ; ബ്രിട്ടീഷ് കാറുകൾക്ക് വില കുത്തനെ കുറയും, ഇന്ത്യൻ കമ്പനികൾക്ക് വൻ നേട്ടം!


ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഇതോടെ രാജ്യത്തെ വാഹന വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്ക് ഇന്ത്യയില്‍ വില ഗണ്യമായി കുറയുന്നതിനൊപ്പം, ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് യുകെ വിപണിയില്‍ വലിയ അവസരങ്ങളുമാണ് ഈ കരാറിലൂടെ തുറന്നിടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

110 ശതമാനം വരെയുണ്ടായിരുന്ന ഇറക്കുമതി തീരുവ നിശ്ചിത ക്വാട്ടയനുസരിച്ച് 10 ശതമാനമായി കുറയ്ക്കാനാണ് കരാറിലെ പ്രധാന വ്യവസ്ഥ. കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ രേഖകള്‍ പ്രകാരം, കരാര്‍ നിലവില്‍ വരുന്ന ആദ്യത്തെ 15 വര്‍ഷത്തിനുള്ളില്‍ 3.78 ലക്ഷം പെട്രോള്‍/ഡീസല്‍ കാറുകള്‍ കുറഞ്ഞ നികുതിയില്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തും. സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന കാറുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കരാറിന്റെ ആദ്യ വര്‍ഷം ആകെ 20,000 കാറുകള്‍ക്കാണ് നികുതിയിളവോടെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുക.

  • വലിയ എഞ്ചിൻ കാറുകൾ (10,000 എണ്ണം): 3000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 2500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്കും നികുതി 110-ൽ നിന്ന് 30 ശതമാനമായി കുറയും.
  • മീഡിയം കാറുകൾ (5,000 എണ്ണം): 1500 സിസി - 3000 സിസി പെട്രോള്‍ കാറുകള്‍ക്കും 2500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കും നികുതി 66 ശതമാനത്തില്‍ നിന്ന് 50 ശതമാനമാകും.
  • ചെറിയ കാറുകൾ (5,000 എണ്ണം): 1500 സിസി വരെയുള്ള സാധാരണ കാറുകള്‍ക്കും നികുതി 50 ശതമാനമായി കുറയും.

അഞ്ചാം വര്‍ഷം ആകുമ്പോഴേക്കും ഇറക്കുമതി ചെയ്യാവുന്ന കാറുകളുടെ എണ്ണം 37,000 ആയി ഉയരുകയും എല്ലാ കാറുകളുടെയും നികുതി 10 ശതമാനമായി ചുരുങ്ങുകയും ചെയ്യും. എന്നാൽ 15-ാം വര്‍ഷം മുതല്‍ എല്ലാ കാറുകള്‍ക്കുമുള്ള ഇറക്കുമതി ക്വാട്ട പ്രതിവര്‍ഷം 15,000 ആയി നിജപ്പെടുത്തും (നികുതി 10 ശതമാനമായി തുടരും).
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 40,000 പൗണ്ടില്‍ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യ വിപണി തുറന്നുകൊടുത്തിട്ടില്ല. ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ കാറുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്ക് യാതൊരു നികുതിയിളവും ഇന്ത്യ നൽകില്ല.

എന്നാൽ ആറാം വർഷം മുതൽ ഈ വിഭാഗത്തിലും ഇളവുകൾ വരും:

  • 40,000 - 80,000 പൗണ്ട് വിലയുള്ള കാറുകൾ: നികുതി 50 ശതമാനമായി കുറയും (ക്വാട്ട 400).
  • 80,000 പൗണ്ടിന് മുകളിലുള്ള കാറുകൾ: നികുതി 40 ശതമാനമായി കുറയും (ക്വാട്ട 4000).
  • പത്താം വര്‍ഷം മുതല്‍ ഇത് 10 ശതമാനത്തില്‍ സ്ഥിരപ്പെടുത്തും.

അതേസമയം, ഇന്ത്യൻ കമ്പനികൾക്ക് യുകെ വിപണിയിൽ വൻ മുന്നേറ്റത്തിന് കരാർ വഴിയൊരുക്കും. ആറാം വര്‍ഷം മുതല്‍ 20,000 - 80,000 പൗണ്ട് വിലയുള്ള ഇന്ത്യന്‍ ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ക്ക് യാതൊരു നികുതിയുമില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്യാം. 15-ാം വര്‍ഷം എത്തുമ്പോഴേക്കും പ്രതിവര്‍ഷം പരമാവധി 88,000 കാറുകള്‍ വരെ ഇത്തരത്തില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും.

അതേസമയം, ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നീ സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് (ഇലക്ട്രിക്/ഹൈഡ്രജന്‍) ഇറക്കുമതി തീരുവയില്‍ യാതൊരു ഇളവും ലഭിക്കില്ലെന്ന് കരാറില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10