കൊവിഷീല്‍ഡ് ഇടവേള 28 ദിവസമാക്കി കുറച്ച് ഹൈക്കോടതി; കേന്ദ്ര വാദം തള്ളി
Jaihind TV News Report
Jaihind TV Web Desk
September 06, 2021
1 min read
•
Updated: June 10, 2026
കൊച്ചി : കൊവിഷീൽഡ് വാക്സിന്‍റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച് ഹൈക്കോടതി. ആവശ്യക്കാർക്ക് കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ല. കിറ്റെക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. 84 ദിവസമെന്ന കേന്ദ്രത്തിന്‍റെ വാദം കോടതി തളളി.
വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സിൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്സ് ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സിൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യ ഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്സിൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റെക്സിന്‍റെ ആവശ്യം.
കൊവിഷീൽഡ് വാക്സിന്‍റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാറിന്‍റെ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി. 2021 ജനുവരിയിൽ വാക്സിനേഷന് തുടക്കമായപ്പോള്‍ കൊവിഷീൽഡ് വാക്സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു. 84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. വാക്സിന്‍റെ ഗുണഫലം വർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാക്സിൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സിൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാർക്ക് രണ്ടുതരം നീതി ശരിയല്ല. സ്വന്തം പണം മുടക്കി വാക്സിൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സർക്കാരിന്‍റെ സൗജന്യ വാക്സിന്‍ സ്വീകരിക്കുന്നവർക്ക് കൊവിഷീല്‍ഡ് വാക്സിന്‍റെ ഇടവേള 84 ദിവസം തന്നെ ആയിരിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10