Logo
Wed, Jun 17, 2026 • 04:25 PM
LIVE TV
Watch

No business videos available

No Middle East videos available

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന : വി.എം സുധീരന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന : വി.എം സുധീരന്‍
ഹാരിസൺസ് കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള പിണറായി സർക്കാരിന്‍റെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിവേദിത പി ഹരൻ കമ്മീഷൻ, ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, രാജമാണിക്യം റിപ്പോർട്ട്, ക്രൈംബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും സർക്കാരിന്‍റേതാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ആയിരക്കണക്കിനേക്കർ ഭൂമി വ്യാജ രേഖകൾ ചമച്ച് കയ്യടക്കിയ ഹാരിസൺസ് കമ്പനിയുടെ നിയമവിരുദ്ധമായ നടപടിക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസന്‍റെ പേരിലുള്ള വിജിലൻസ് കേസ്. തൊഴിലാളിവർഗ പ്രസ്ഥാനം എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ഈ നടപടി കുത്തക മുതലാളിത്ത ശക്തികൾക്ക് ഇല്ലാത്ത അവകാശം സർക്കാരിന്‍റെ ഭൂമിയിൽ സ്ഥാപിച്ചു കൊടുക്കുന്നതിനുള്ള കുത്സിത നടപടികളുടെ തുടർച്ചയാണ്. ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ച് കൃത്രിമ നടപടികൾ സ്വീകരിച്ച് നടത്തിയ കുറ്റകൃത്യങ്ങൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടും ഈ കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുള്ള വിജിലൻസ് അധികൃതരുടെ നീക്കത്തിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണുള്ളത്. സിവിൽ കോടതിയിൽ കേസ് നിലനിൽക്കെ വ്യാജരേഖ നിർമ്മാണ കേസ് ഇതെല്ലാം കണ്ടെത്തിയ വിജിലൻസ് തന്നെ പിൻവലിക്കാൻ നടത്തുന്ന നീക്കങ്ങൾ നിയമ വ്യവസ്ഥയോട് തന്നെ കാണിക്കുന്ന വെല്ലുവിളിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കുന്നതിന് വേണ്ടി സുപ്രീം കോടതി വരെ നടത്തിയ ഹാരിസന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് വാദിയായ സർക്കാർ തന്നെ കുറ്റവാളികളുടെ സംരക്ഷകരാകുന്നത്. അതീവ വിചിത്രമായ ഈ നടപടിക്ക് പിന്നിലുള്ളത് സർക്കാരിന്‍റെ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രമാണെന്ന് വി.എം സുധീരന്‍ ചൂണ്ടിക്കാട്ടി. സ്വന്തം ഭൂമി സംരക്ഷിക്കുന്നതിന് പകരം നിയമവിരുദ്ധമായി അതെല്ലാം കയ്യടക്കിയ കുറ്റവാളികളുടെ പിണിയാളുകളായി സർക്കാർ മാറുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാര ദുർവിനിയോഗം നടത്തി ജനതാല്‍പര്യം ബലികഴിച്ച് കുത്തക മുതലാളിത്ത പ്രീണനം നടത്തുന്ന സർക്കാരിന്‍റെ ഈ ദുർനടപടി 'ജുഡീഷ്യൽ സ്ക്രൂട്ടിണിക്ക് ' വിധേയമാക്കേണ്ടതാണ്.  സർക്കാരിന്‍റെ ഈ ഗൂഢ നീക്കത്തെ അംഗീകരിക്കാതിരുന്ന വിജിലൻസ് കോടതിയുടെ സമയോചിതമായ ഇടപെടൽ നിയമവ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അഭിനന്ദനാർഹവുമാണ്. സർക്കാരിനവകാശപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന് നിരന്തരമായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന അഡ്വ. സുശീലഭട്ടിന്‍റെ അഭിപ്രായം ആരായാനും വേണ്ടി കോടതി നോട്ടീസ് അയച്ചത് സ്വാഗതാർഹമാണ്. സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ സംസ്ഥാന സർക്കാരിന്‍റെ നഗ്നമായ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് നിലപാടെടുക്കുന്നു എന്നതറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10