ആലപ്പുഴ: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജി. സുധാകരന്‍. തോമസ് ഐസക് പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍, പാര്‍ട്ടി രാജ്യത്താകമാനം വലിയ അധഃപതനത്തിലാണെന്നും ഇപ്പോള്‍ പിരിവും റാലികളും മാത്രമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ താഴെത്തട്ട് മുതല്‍ അഹങ്കാരം ശീലിപ്പിക്കുകയാണെന്നും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ 'വര്‍ഗ്ഗവഞ്ചകര്‍' എന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് 62 സീറ്റുകള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു യുവനേതാവോ വിദ്യാര്‍ത്ഥി നേതാവോ മഹിളാ നേതാവോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എമ്മിനെ നിലവില്‍ രൂക്ഷമായ നേതൃദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്നും തെറ്റ് തിരുത്തണമെന്ന ആഗ്രഹം നേതൃത്വത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാനെതിരെയും മറ്റ് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. പി. കൃഷ്ണപിള്ളയുടെ ആലപ്പുഴയിലെ പാര്‍ട്ടിയെ നയിക്കുന്നത് സജി ചെറിയാനാണെന്നും പിന്നെങ്ങനെ പാര്‍ട്ടി നന്നാകുമെന്നും അദ്ദേഹം ചോദിച്ചു. ചന്ദ്രബാബു ഏജന്റാണെന്നും തന്റെ പിതാവിനെപ്പോലും അധിക്ഷേപിച്ച വ്യക്തിയാണെന്നും ആരോപിച്ച സുധാകരന്‍, ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ട്ടി അംഗങ്ങളില്‍ 80 ശതമാനവും 'പൊളിറ്റിക്കല്‍ ക്രിമിനലുകള്‍' ആകുമെന്ന ഗുരുതര മുന്നറിയിപ്പും അദ്ദേഹം നല്‍കി.
സി.പി.ഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കണമെന്ന വിഷയത്തിലും അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. പദവി ലഭിച്ചാല്‍ പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ലെങ്കിലും പദവി അര്‍ഹിക്കുന്ന സി.പി.ഐക്ക് അത് നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, പ്രത്യയശാസ്ത്രത്തെയും പാര്‍ട്ടിയെയും പിണറായി വിജയനെയും തള്ളിപ്പറയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. തനിക്ക് എല്ലാം തന്നത് പ്രത്യയശാസ്ത്രമാണ്, എന്നാല്‍ പാര്‍ട്ടിയും പിണറായിയും ഇന്ന് മാറിപ്പോയിരിക്കുകയാണ്. പഴയ പിണറായിയല്ല ഇപ്പോഴുള്ളത്. ജോണ്‍ ബ്രിട്ടാസിനെപ്പോലുള്ളവരാണ് പിണറായി വിജയനെ നയിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
സി.പി.എം രാജ്യത്താകെ അധഃപതിച്ചു; താഴെത്തട്ട് മുതല്‍ അഹങ്കാരം: ജി. സുധാകരന്