തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീല്‍ ഹര്‍ജി ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ സമര്‍പ്പിച്ചത്. കേസിലെ ശിക്ഷയെത്തുടര്‍ന്ന് അയോഗ്യനായ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. അയോഗ്യത നീക്കാനായി മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.
1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലാവുകയായിരുന്നു. ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ കല്ലൂര്‍ സന്‍ഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു. വിചാരണക്കോടതി പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും, തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് ഹൈക്കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്ന് പ്രതിയെ വെറുതെ വിടുകയായിരുന്നു.
എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണ് പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2006-ലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് നിര്‍ണായകം; അപ്പീല്‍ ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും