വെള്ളപൊക്കം : ചെറുപുഴയിലെ അശാസ്ത്രീയ തടയണകള്‍ക്കെതിരെ പ്രതിഷേധം; പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Jaihind News Bureau
Tuesday, September 17, 2019

മലപ്പുറം അങ്ങാടിപ്പുറം ഓരാടംപാലം ചെറുപുഴയിൽ അശാസ്ത്രീയമായി നിർമ്മിച്ച തടയണകളാണ് പ്രദേശത്ത് ഇടക്കിടെയുണ്ടാകുന്ന വെള്ളപൊക്കത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകർ രംഗത്ത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

കഴിഞ്ഞ പ്രളയത്തോടനുബന്ധിച്ച് ദിവസങ്ങളാണ് അങ്ങാടിപ്പുറം ഓരാടം പാലം മേഖലകളിൽ വെള്ളം ഉയർന്നത്. നിരവധി വീടുകളിലേക്കും ഏക്കറുകണക്കിന് കൃഷി സ്ഥലത്തേക്കും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. പ്രളയശേഷവും ചെറിയ മഴക്കു പോലും പ്രദേശത്ത് വെള്ളം ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ഓരാടംപാലം പുഴയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തടയണയാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. നൂറു മീറ്ററിനുള്ളിൽ നിർമ്മിച്ചിരിക്കുന്നത് രണ്ട് തടയണകളാണ്. ഇതിൽ ഒരു മീറ്റർ വീതിയിലൂടെ മാത്രമാണ് വെള്ളം പോകാൻ സൗകര്യമുള്ളത്.

തടയണ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് വിളിച്ച യോഗത്തിൽ പ്രദേശത്ത് തടയണ നിർമ്മിക്കുന്നതിനെ എഞ്ചിനീയർമാർ എതിർത്തുവെന്നും ചിലരുടെ വ്യക്തി താൽപ്പര്യമാണ് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

കാലങ്ങളായി പ്രദേശത്ത് കൃഷി ഉപജീവനമാക്കായവർ ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം കാരണം കടക്കെണിയിലായി. പലരും വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. പഴയ തടയണ നിലനിർത്തി പുതിയ തടയണകൾ ഉടൻ പൊളിച്ച് കളയണമെന്നും കൃഷി നാശം ഉണ്ടായവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്.

https://youtu.be/9DGLnYybhjQ