നടൻ ഷെയ്ൻ നിഗമിനെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Jaihind News Bureau
Thursday, November 28, 2019

നടൻ ഷെയ്ൻ നിഗമിനെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇന്ന് കൊച്ചിയിൽ അസോസിയേഷൻ യോഗം ചേരും. ഒത്തുതീർപ്പ് വ്യവസ്ഥകൾ ഷെയ്ൻ ലംഘിച്ചെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍റെ ആരോപണം.

ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടത്താൻ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും യോഗം പരിഗണിക്കും. നിർമാതാവ് ജോബി ജോർജിന്‍റെ വെയിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഷെയിൻ നിഗം കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയത്.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കുർബാനി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഷെയ്ൻ മുടി മുറിച്ചു എന്ന് പറഞ്ഞ് നേരത്തേയും വിവാദങ്ങൾ​ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ.

നേരത്തേ നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നം ഒത്തുതീർക്കാനായി ചർച്ചയ്ക്ക് വിളിച്ച സമയത്ത് വെയിലിന്‍റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ഷെയ്നിനെ അറിയിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്‍റെ പ്രവൃത്തി സംഘടനകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണിച്ചേക്കും.

ഷെയ്നിന്‍റെ നിസ്സകരണം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്ന് സംവിധായകൻ ശരത് പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തോട് ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരം മുടിവെട്ടിയതും സംവിധായകൻ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായതും. എന്നാൽ ഷെയ്‌നിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ താൻ തയാറാണെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ശരത് മേനോൻ പറഞ്ഞു. അതു മാത്രമാണ് ചെയ്യാനുകുന്നതെന്നും അതല്ലാതെ മറ്റൊരു വഴിയും കാണുന്നില്ലെന്നും ശരത് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഇന്ന് അസോസിയേഷന്‍ യോഗം ചേരുന്നത്.