ചങ്കുകളുടെ സിനിമ ‘കുമ്പളങ്ങി നൈറ്റ്‌സ്’ ട്രെയിലര്‍

Jaihind News Bureau
Thursday, January 17, 2019

 

മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അണിയറക്കാര്‍ ഒരുമിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മധു സി നാരായണനാണ് സംവിധാനം. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്.

ശ്യാം പുഷ്‌ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും. സൈജു ശ്രീധരന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ചെയ്യുക. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്സി’നുണ്ട്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും

ഭാവനാ സ്റ്റുഡിയോസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’യും ‘ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്’ എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നതുപോലെ ട്രെയിലറിനും വന്‍ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരവും ഈമയൗവും അടക്കമുള്ള സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷൈജു ഖാലിദ് ആണ് സിനിമാറ്റോഗ്രഫി. സുശിന്‍ ശ്യാം സംഗീതം. സൈജു ശ്രീധരന്‍ എഡിറ്റിംഗ്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യും.