പാചകവാതക വില വര്‍ധന: മെയ് 6ന് സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ഹോട്ടല്‍ ഉടമകള്‍, ഹോട്ടലുകള്‍ അടച്ചിടും

Jaihind News Bureau
Friday, May 1, 2026

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ ഉണ്ടായ റെക്കോര്‍ഡ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടര്‍ വില മൂവായിരം രൂപയും കടന്ന് കുതിക്കുകയാണ്. തിരുവനന്തപുരത്ത് 3106 രൂപയും കൊച്ചിയില്‍ 3085 രൂപയും കോഴിക്കോട് 3117 രൂപയുമാണ് പുതുക്കിയ നിരക്ക്.

കോവിഡ് പ്രതിസന്ധിക്കും ലോക്ഡൗണിനും ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവരികയായിരുന്ന ഹോട്ടല്‍ മേഖലയ്ക്ക് ഈ വിലവര്‍ധന കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നൂറും നൂറ്റമ്പതും രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്ന സ്ഥാനത്ത്, യാതൊരു മുന്നറിയിപ്പുമില്ലാതെ ആയിരത്തിനടുത്ത് രൂപ വര്‍ധിപ്പിച്ചത് ചെറുകിട ഹോട്ടലുകളെയും തട്ടുകടകളെയും പോലും പ്രതിസന്ധിയിലാക്കി. പ്രവര്‍ത്തനച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉടമകള്‍. എന്നാല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല.

ഭക്ഷണ വിഭവങ്ങള്‍ക്ക് വില ഉയരുന്നത് സാധാരണക്കാരായ ജനങ്ങളുടെ കീശ കീറുന്ന നടപടിയാകും. ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിതരണത്തിലെ നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ഈ അധിക ബാധ്യത കൂടി വന്നെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.