
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മരണം. രോഗബാധിതയായി ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യമോള്‍ (26) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളുരുവിലെ ജോലി രാജിവെച്ച് രണ്ട് മാസം മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്.
ഒരു മാസം മുന്‍പാണ് ആര്യമോള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതേത്തുടര്‍ന്ന് ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം ഗുരുതരമായ സാഹചര്യത്തിലാണ് ആര്യമോളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.