
ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ ഡിജോ കാപ്പന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. പൊതുപ്രവർത്തനം എന്ന വാക്കിനെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ സ്മരിച്ചു. രാഷ്ട്രീയത്തിൽ തനിക്ക് വഴികാട്ടിയായിരുന്ന ഒരു ജ്യേഷ്ഠസഹോദരനെയാണ് ഡിജോയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും, വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദം അദ്ദേഹം അനുസ്മരിച്ചു.
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ നേതാവായിരുന്നു ഡിജോ കാപ്പൻ. പാർട്ടിയുടെ ഉന്നത നേതൃപദവികളിൽ ഇരിക്കെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി പൊതുപ്രവർത്തനത്തിലേക്ക് തട്ടകം മാറ്റാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അസാധാരണമായിരുന്നു. ഡിജോയ്ക്ക് മാത്രം എടുക്കാൻ കഴിയുന്ന ധീരമായ തീരുമാനമായിരുന്നു അതെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ആർക്കും മുന്നിലും കീഴടങ്ങാത്ത നിലപാടുകളും പോരാട്ടവീര്യവുമാണ് ഡിജോ കാപ്പൻ എന്ന പൊതുപ്രവർത്തകനെ കേരളം അടയാളപ്പെടുത്താൻ കാരണമായതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചുറ്റുമുള്ളവരെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ സംസാരരീതിയും ശരീരഭാഷയും എടുത്തുപറയേണ്ടതാണ്. ഊഷ്മളമായ ഒട്ടേറെ ഓർമ്മകൾ ബാക്കിവെച്ച് കടന്നുപോയ പ്രിയ സുഹൃത്തിന് പ്രതിപക്ഷ നേതാവ് ആദരാഞ്ജലികൾ അർപ്പിച്ചു.