
തന്റെ സസ്‌പെൻഷൻ ഉത്തരവിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുന്നില്ലെന്നും ഇത് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും ബി. അശോക് ഐഎഎസ്. ഏപ്രിൽ 9-ന് ജനങ്ങൾ സസ്‌പെൻഡ് ചെയ്ത ഒരു സർക്കാരാണ് ഇപ്പോൾ ഈ നടപടി എടുത്തിരിക്കുന്നത്. ഭരണത്തിൽ നിന്ന് പോകുന്ന പോക്കിൽ ശത്രുക്കളെന്ന് കരുതുന്നവർക്ക് നേരെ നടത്തുന്ന ‘അവസാന റൗണ്ട് വെടിവെപ്പ്’ പോലെയാണിതെന്നും പുതിയ സർക്കാർ വരുന്ന ആദ്യ ദിവസം തന്നെ ഈ ഉത്തരവ് ചവറ്റുകുട്ടയിലേക്ക് പോകുമെന്നും അദ്ദേഹം പരിഹസിച്ചു. സസ്‌പെൻഷനെ താൻ ഒരു അംഗീകാരമായി (Badge) കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എ.എസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഞ്ച് തവണയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുന്നിൽ ഹാജരാക്കിയത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഈ കേസുകളിലെല്ലാം സർക്കാർ നാണംകെട്ട് തോറ്റതിന്റെ നീരസമാണ് ഇപ്പോൾ തന്റെ സസ്‌പെൻഷനിലൂടെ പ്രകടിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ അടിമ വേലക്കാരാണെന്നും തന്നെ പുകഴ്ത്തി പാടാൻ മാത്രം വിധിക്കപ്പെട്ടവരാണെന്നും കരുതുന്ന ചിലരുടെ മനോഭാവമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വിമർശിച്ചു.
മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയും ബി. അശോക് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ക്യാബിനറ്റ് പദവി ലഭിച്ചതോടെ അദ്ദേഹം ഒരു മന്ത്രിയെപ്പോലെ പ്രവർത്തിക്കുകയാണെന്നും മറ്റ് മന്ത്രിമാർക്ക് പോലും നിർദ്ദേശങ്ങൾ നൽകുന്ന ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രമായി മാറിയെന്നും അശോക് ആരോപിച്ചു. വിരമിച്ച ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ പുതിയ സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെടും.
തുടർഭരണം ഉറപ്പാക്കാൻ വേണ്ടി ഉദ്യോഗസ്ഥ കോക്കസിന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കിഫ്ബിയുടെയും സർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ച് 130 കോടി രൂപയുടെ വിപുലമായ ക്യാമ്പയിനാണ് മുംബൈ ആസ്ഥാനമായുള്ള പി.ആർ ഏജൻസി വഴി നടത്തിയത്. ചോദ്യം ചോദിക്കുന്നവരെ പുറത്തിരുത്തി അടിമകളെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സാധാരണക്കാർ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടുവിട്ടു പോകേണ്ടത് ആരാണെന്ന് ഉടൻ കാണാമെന്ന വെല്ലുവിളിയോടെയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.