സംസ്കാരം എന്നത് ഒരു മനുഷ്യന്‍റെ പ്രവൃത്തിയിലും അവന്‍റെ ചിന്തയിലും അന്തർലീനമായിരിക്കുന്ന സ്വഭാവമാണ്. എന്നാല്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് സാംസ്കാരിക സമുച്ചയങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ സംസ്കാരം നിലനില്‍ക്കൂ എന്ന് 9 ഉപദേശിമാരില്‍ ആരാണ് ഉപദേശിച്ചതെന്ന് അറിയില്ല. ജില്ലാ തലസ്ഥാനങ്ങളില്‍ 700 കോടി മുതല്‍ മുടക്കി സാംസ്കാരിക സമുച്ചയങ്ങള്‍ പണിയുമ്പോള്‍ അതില്‍ അഴിമതിയുടെ മാറാലയുണ്ട്, തന്‍പോരിമയുടെ രാഷ്ട്രീയവുമുണ്ട്. ഈ 700 കോടി രൂപ മുടക്കി സാംസ്കാരിക സമുച്ചയങ്ങള്‍ പണിതാല്‍ കേരളത്തിന്‍റെ സാംസ്കാരിക നവോത്ഥാനത്തിന്‍റെ ആകാശത്ത് ആയിരം പൂക്കള്‍ വിരിയുമോ എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
50 കോടി മുടക്കി കേരളത്തില്‍ നവോത്ഥാന മതില്‍ പണിത പിണറായിക്ക് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ മതില്‍ ഒലിച്ചുപോയ രാഷ്ട്രീയമായിരുന്നു നേരിടേണ്ടിവന്നത്. ഈ 700 കോടി രൂപയുടെ സമുച്ചയങ്ങള്‍ പണിയുന്നത് ആരുടെ ചെലവിലാണെന്നത് അറിയാന്‍ കാണിപ്പയ്യൂരില്‍ പോയി കവിടി നിരത്തേണ്ടതില്ല. നമ്മള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നുതന്നെ. ഇത്തരം ധൂർത്ത് ഒരു ഭരണാധികാരിക്ക് പ്രജകളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ കഴിയുമെങ്കില്‍ ആ ഭരണാധികാരി ഫാസിസ്റ്റ് ആണെന്ന് കാലവും ചരിത്രവും മുദ്ര ചാർത്തും. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ കേരളത്തില്‍ ജനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിശബ്ദമായി ഓരോരുത്തരും പിണറായിയെയും സർക്കാരിനെയും ശപിച്ചുപോകുന്ന ഒരു നാട്ടിലാണ് 700 കോടിക്ക് സാംസ്കാരിക സമുച്ചയങ്ങള്‍ പണിയുന്നത്. ആര്‍ക്കുവേണ്ടി ? പ്രളയം താണ്ഡവമാടിയ കേരളത്തില്‍ ഇപ്പോഴും പിണറായി പ്രഖ്യാപിച്ച 10,000 രൂപയ്ക്ക് വില്ലേജ്ഓഫീസ് മുതല്‍ എല്ലാ സർക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങുന്ന ഒരു ജനത ജീവിക്കുന്ന നാട്ടിലാണ് സാംസ്കാരിക സമുച്ചയങ്ങള്‍ പണിയുന്നത്. അതും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്. ഇവിടെ സ്വാമി വിവേകാനന്ദന്‍റെ വാക്കുകളാണ് കേരളം കടംകൊള്ളേണ്ടത്. കേരളം ഒരു ഭ്രാന്താലയം !
ഇത്രയും മുകളില്‍ കുറിച്ചത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ്പിണറായി സർക്കാര്‍ ധൂർത്തിന് പുതിയ മാർഗങ്ങള്‍ തേടുന്നത് എന്നതുകൊണ്ടാണ്. നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാനായി 700 കോടി രൂപ അനുവദിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സർക്കാരിന്‍റെ ധൂർത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും മറ്റൊരു ഉദാഹരണമായി ഈ ഉത്തരവ് മാറുന്നത്.
ഈ മാസം 12 നാണ് സാസ്കാരിക സമുച്ചയങ്ങളുടെ നിർമാണത്തിനായി 700 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. കിഫ്ബി വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നടത്തിപ്പും സ്വന്തം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തന്നെയാകുമെന്നാണ് സൂചന. ജില്ലാ കേന്ദ്രങ്ങളിൽ സാംസ്കാരിക നായകന്മാരുടെ പേരിലാണ് പുതിയ ധൂർത്തിന് കളമൊരുങ്ങുന്നത്. കാസർഗോഡ്, പാലക്കാട്, കൊല്ലം ജില്ലകളിലാണ് സമുച്ചയങ്ങള്‍ സ്ഥാപിക്കുക. ടെണ്ടറുകള്‍ അംഗീകരിച്ച് തുടർനടപടി സ്വീകരിക്കാന്‍ പദ്ധതിയുടെ എസ്.പി.വിയായ കെ.എസ്.എഫ്.ഡി.സി എം.ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഉത്തരവിന്‍റെ പകർപ്പ് :