പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുടുങ്ങി

Jaihind Webdesk
Saturday, June 25, 2022

മലപ്പുറം: പീഡന പരാതിയിൽ മലപ്പുറത്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടി. സിപിഎം എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയാണ് പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന
പാർട്ടി പ്രവർത്തകയായ യുവതിയുടെ പരാതിയിലാണ് എൽസി സെക്രട്ടറി സക്കീറിനെതിരെ നടപടിയെടുത്തത്.

പാർട്ടി പ്രവർത്തകയായ യുവതിയാണ് പാർട്ടിക്ക് പീഡന പരാതി നൽകിയത്. ഇതേ തുടർന്ന്അടിയന്തരമായി കൂടിയ വളാഞ്ചേരി ഏരിയ കമ്മിറ്റി സക്കീറിനെ തൽസ്ഥാനത്ത് നിന്നു നീക്കി. മൂർക്കനാട് സ്വദേശിനിയും മങ്കട ഏരിയ സെക്രട്ടറിയുടെ ബന്ധുവും പാർട്ടി പ്രവർത്തകയുമായ യുവതിയാണ് പരാതിക്കാരി. പൊന്നാനി സ്ഥദേശിനി ഉൾപ്പെടെ നാലോളം പെൺകുട്ടികൾ സക്കീറിന്‍റെ പീഡനത്തിനിരയായതായാണ് വിവരം.

തിരൂർ കൂട്ടായിയിൽ നിന്ന് മറ്റൊരു പാർട്ടി പ്രവർത്തകയായ യുവതിയുമായി സക്കീറിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ യുവതി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ നേതാവിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാർട്ടി നടപടി. നേരത്തെ എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സക്കീറിനെ ഇക്കഴിഞ്ഞ പാർട്ടി സമ്മേളനമാണ് എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും സക്കീറിനെ നീക്കിയിട്ട് സംഭവം വിവാദമായതോടെ വിദേശത്തേക്ക് പോവുകയാണെന്നും, ലീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് സക്കീറിൽ നിന്നു എഴുതിവാങ്ങി കേസ് ഒതുക്കാനായിരുന്നു ശ്രമം. എടയൂരിലെ തലമുതിർന്ന പല സിപിഎം നേതാക്കളെയും വെട്ടിനിരത്തിയാണ് സക്കീർ എൽസി സെക്രട്ടറിയായത്. ഇതിൽ അമർഷമുള്ള സിപിഎം നേതാക്കൾ തന്നെയാണ് പാർട്ടി രഹസ്യമാക്കിവെച്ച പീഡന പരാതി പുറത്തെത്തിച്ചത്.