ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിൽ (Flipkart) 150 കോടി രൂപയിലധികം രൂപയുടെ കോഴ ഇടപാട് നടന്നതായി പരാതി. സംഭവത്തിൽ ഫ്ലിപ്കാർട്ടിന്റെ മാതൃകമ്പനിയായ വാൾമാർട്ട് (Walmart) അന്വേഷണം ആരംഭിച്ചു. സ്മാർട്ട്‌ഫോൺ, ട്രാവൽ ബാഗ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ചില മൊബൈൽ ബ്രാൻഡ് വെണ്ടർമാരിൽ നിന്ന് ജീവനക്കാർ അനധികൃതമായി പണം വാങ്ങിയെന്നും, പകരം ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമിൽ ഈ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിസിബിലിറ്റിയും കൂടുതൽ വിൽപ്പനയ്ക്കുള്ള മുൻഗണനയും നൽകിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. 'മണികൺട്രോൾ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാനമായും ഫ്ലിപ്കാർട്ടിന്റെ ബിസിനസ് ടു ബിസിനസ് (B2B) വിഭാഗത്തിലാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ നടന്നിരിക്കുന്നത്. വിഷയത്തിൽ വാൾമാർട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കമ്പനിക്ക് കർശനമായ ഭരണനിർവഹണ സംവിധാനങ്ങളുണ്ടെന്നും ഏത് പരാതിയും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫ്ലിപ്കാർട്ടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വാൾമാർട്ട് നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. മുൻപ് നടന്ന അന്വേഷണങ്ങളിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ചില ജീവനക്കാരെ പുറത്താക്കുകയും ചിലർ രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു. ഐ.പി.ഒ (IPO) വൈകുന്നതിലെ ആശങ്കകളും മുതിർന്ന ഉദ്യോഗസ്ഥരുടെ രാജിയും നിലനിൽക്കെ, പുതിയ കോഴ വിവാദം ഫ്ലിപ്കാർട്ടിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഫ്ലിപ്കാർട്ടിൽ 150 കോടിയുടെ കോഴ വിവാദം; ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വാൾമാർട്ട്