തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണിത്. ക്ലാസുകൾ ഓൺലൈൻ (ഡിജിറ്റൽ) ആയി ആരംഭിക്കും.
രണ്ട് തലത്തിലായിരിക്കും ഈ വർഷത്തെ പ്രവേശനോത്സവും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർ പങ്കെടുത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടി അരങ്ങേറും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ നടക്കും.
കഴിഞ്ഞ വർഷത്തെ ക്ലാസുകൾ ആവർത്തിക്കാതെ ഭേദഗതി വരുത്തും. അധ്യാപകരെ കണ്ടുള്ള ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
എസ്എസ്എൽസി മൂല്യനിർണയം ജൂണ്‍ 7 മുതൽ 25 വരെ നടക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്സി മൂല്യനിർണയം ജൂൺ ഒന്നു മുതൽ 19 വരെ നടക്കും. എസ്എസ്എൽസി പ്രാക്റ്റിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ.