തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 17-കാരിയായ വിദ്യാർത്ഥിനിയെ ജാതിപ്പേര് വിളിച്ചും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിധികർത്താവ് അധിക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകി. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തയച്ചിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ വീരണകാവ് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കലോത്സവത്തിനിടെ ഈ ദുരനുഭവം ഉണ്ടായത്. സംഭവം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ പരാതി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ ഈ ദ്രുതഗതിയിലുള്ള നടപടി. വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിക്കുകയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ അപമാനിക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കുട്ടിക്ക് പൂർണ്ണ നീതി ഉറപ്പാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
സംഭവത്തെത്തുടർന്ന് മാനസികമായി തളർന്ന വിദ്യാർത്ഥിനിക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഡിസംബർ 6-ന് നടക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ തനത് ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നൃത്താവതരണത്തിന് അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ തളരാതെ മുന്നോട്ടുപോകാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം മന്ത്രി കെ.എ. തുളസി നേരിട്ട് വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകുകയും ചെയ്തു.
സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ. തുളസി