സംസ്ഥാന പി.എസ്.സി ആസൂത്രണ ബോർഡ് ചീഫ് നിയമനത്തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് നേരത്തെ സസ്‌പെൻഷനിലായിരുന്ന ഹരിയെ തിരുവനന്തപുരത്ത് എത്തിച്ച് ഉടൻ കോടതിയിൽ ഹാജരാക്കും. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ റിമാൻഡിലാണ്.
ഇവർ രണ്ടുപേരെയും പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പരീക്ഷാ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പി.എസ്.സിയുടെ ഉന്നത തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും. തുടർന്ന് പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനോട് തിങ്കളാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചെയർമാൻ നൽകിയ മൊഴികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ അടിയന്തരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ 10 നിർണ്ണായക ചോദ്യങ്ങൾ ഒരു കാരണവുമില്ലാതെ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ മാർക്ക് വെട്ടിപ്പിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികളെ തള്ളാനും മുൻകൂട്ടി നിശ്ചയിച്ച ചിലർക്ക് വഴിവിട്ട സഹായം നൽകാനും ശ്രമം നടന്നോ എന്നതിലാണ് അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്.