കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി 'കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്' എം.ഡി. മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 11 മണിയോടെ കോഴിക്കോട്ടുള്ള വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 12 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജി.എസ്.ടി. അടച്ചതിന്റെ രേഖകളും ഹാജരാക്കാനും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ അലയൻസ് എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. പി.പി. ദിവ്യയുടെ ബിനാമി കമ്പനിയാണിതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. നേരത്തെ കമ്പനിയുടെ കണ്ണൂരിലെ രണ്ട് ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ രേഖകൾ പരിശോധിക്കാൻ സാധിച്ചിരുന്നില്ല. കരാറുകൾ ടെൻഡർ വഴിയാണ് ലഭിച്ചതെന്ന കമ്പനിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് എം.ഡി.യുടെ മൊഴി നേരിട്ടെടുക്കാൻ തീരുമാനിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിലും സിൽക്കിലും (SILK) നേരത്തെ പരിശോധന നടത്തിയ വിജിലൻസ് സംഘം നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളിൽ പി.പി. ദിവ്യയുടെയും പരാതിക്കാരുടെയും മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.
പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: ബിനാമി ആരോപണം നേരിടുന്ന കമ്പനി എം.ഡി.യുടെ മൊഴി ഇന്ന് രേഖപ്പെടുത്തും