ബോയിങ്ങിന്റെയും ലോക്ക്ഹീഡ് മാർട്ടിന്റെയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ (ULA) വൾക്കൻ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ തകരാറിലായി. ഞായറാഴ്ച ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് ലക്ഷ്യത്തിലെത്താതെ തകർന്നതോടെ, ആമസോണിന്റെ ലിയോ (Amazon Leo) ഇന്റർനെറ്റ് ശൃംഖലയ്ക്കായി കൊണ്ടുപോയ 40 ഉപഗ്രഹങ്ങളും പൂർണ്ണമായും നഷ്ടമായി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ ചരിത്രത്തിലെ ആദ്യത്തെ വിക്ഷേപണ പരാജയമാണിത്. ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച് ഏകദേശം പത്ത് മിനിറ്റിനുശേഷമാണ് റോക്കറ്റിന് തകരാർ സംഭവിച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കമ്പനിയുടെ പുതിയ മുൻനിര റോക്കറ്റിന്റെ പരാജയം യുഎൽഎയ്ക്കും ആമസോണിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിക്ഷേപണം പരാജയപ്പെട്ടതോടെ റോക്കറ്റ് മാസങ്ങൾ നീളുന്ന വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.
2024-ൽ രംഗപ്രവേശം ചെയ്ത വൾക്കൻ റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണമായിരുന്നു ഞായറാഴ്ചത്തേത്. ഒൻപത് മാസത്തെ ഇടവേളയ്ക്കുശേഷമാണ് റോക്കറ്റ് വീണ്ടും വിക്ഷേപിച്ചത്. സോളിഡ് റോക്കറ്റ് സൈഡ് ബൂസ്റ്ററുകളിലും പ്രധാന ഘട്ടത്തിലെ ബിഇ-4 (BE-4) എൻജിനുകളിലും നേരത്തേ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചുള്ള പരിശോധനകൾ നീണ്ടുപോയതാണ് ഈ ഇടവേളയ്ക്ക് കാരണം. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ കമ്പനിയാണ് ഈ എൻജിനുകൾ നിർമിക്കുന്നത്. മുൻപ് ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തറയിൽവെച്ചുതന്നെ പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് വൾക്കൻ റോക്കറ്റിനുവേണ്ടി യുഎൽഎയ്ക്ക് കൈമാറിയ ബിഇ-4 എൻജിനുകളിൽ മാറ്റങ്ങൾ വരുത്തിയതായി കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വൾക്കൻ റോക്കറ്റിനുണ്ടായ തകരാറിൽ ബ്ലൂ ഒറിജിൻ നൽകിയ എൻജിനുകൾക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ആമസോണിന്റെ ഉപഗ്രഹങ്ങൾ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാം ഘട്ടം, ബിഇ-4 എൻജിനുകൾ പ്രവർത്തിക്കുന്ന ഒന്നാം ഘട്ടത്തിൽനിന്ന് വേർപെട്ടതിനുശേഷമാണ് തകരാർ സംഭവിച്ചതെന്നാണ് പ്രാഥമിക സൂചന.
ബോയിങ്ങിന്റെ ഡെൽറ്റ റോക്കറ്റ് പദ്ധതിയും ലോക്ക്ഹീഡ് മാർട്ടിന്റെ അറ്റ്ലസ് റോക്കറ്റ് പദ്ധതിയും ലയിപ്പിച്ചാണ് 2006-ൽ യുഎൽഎ രൂപീകരിച്ചത്. അന്നുമുതൽ ഇതുവരെ നടത്തിയ എല്ലാ വിക്ഷേപണങ്ങളും വിജയകരമായിരുന്നു. എന്നാൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ശൃംഖലയെ നേരിടാൻ ശ്രമിക്കുന്ന ആമസോണിന് വൾക്കൻ റോക്കറ്റിന്റെ പരാജയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മേയിൽ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റിനും അപകടം സംഭവിച്ചിരുന്നു. 2025 മുതൽ ഇതുവരെ 14 വിക്ഷേപണങ്ങളിലായി ആമസോണിന്റെ ലിയോ ശൃംഖലയിലെ 398 ഉപഗ്രഹങ്ങൾ മാത്രമാണ് ഭ്രമണപഥത്തിലെത്തിക്കാനായത്. ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനം നൽകാൻ ആവശ്യമായ 3,236 ഉപഗ്രഹങ്ങളുടെ ഏകദേശം 12 ശതമാനം മാത്രമാണിത്. ഈ വർഷംതന്നെ ലിയോ ശൃംഖലയിലൂടെ പ്രാഥമിക ഇന്റർനെറ്റ് സേവനം ആരംഭിക്കാനായിരുന്നു ആമസോണിന്റെ ലക്ഷ്യം. എന്നാൽ തുടർച്ചയായ റോക്കറ്റ് വിക്ഷേപണ പരാജയങ്ങൾ ഈ ലക്ഷ്യത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
യുഎൽഎയുടെ വൾക്കൻ റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു; ആമസോണിന്റെ 40 ഉപഗ്രഹങ്ങൾ നഷ്ടമായി