സണ്ണി ഡിയോളിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സൂര്യ- അന്ത് സേ ആരംഭ് തക്’ റിലീസ് മാറ്റിവെച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാനുള്ള കാലതാമസമാണ് റിലീസ് നീട്ടിവെക്കാൻ കാരണം. നവംബർ 20-ന് ചിത്രം ആഗോളവ്യാപകമായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം.എം. മൂവീസ് വ്യക്തമാക്കി.
അതിനിടെ, ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഡോക്ടർമാർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സിനിമ സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
ചിത്രം ആതുരസേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്ന് സംവിധായകൻ എം. പത്മകുമാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സമൂഹത്തിലെ മറ്റ് മേഖലകളിലെന്നപോലെ ആരോഗ്യ രംഗത്തും നിലനിൽക്കുന്ന ചില അനാശാസ്യ പ്രവണതകളെ തുറന്നുകാട്ടുക മാത്രമാണ് സിനിമയിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
PRO വാഴൂർ ജോസ്
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നു; സണ്ണി ഡിയോൾ-എം. പത്മകുമാർ ചിത്രം ‘സൂര്യ’യുടെ റിലീസ് മാറ്റിവെച്ചു