മാഡ്രിഡ്: സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്പാനിഷ് മുന്നേറ്റ താരം ജീസസ് ഡി മിഗ്വേൽ (30) അന്തരിച്ചു. സ്പാനിഷ് ക്ലബ്ബ് ടെനെരിഫെയുടെ (CD Tenerife) സ്ട്രൈക്കറായ മിഗ്വേൽ എഫ്.സി അൻഡോറയ്ക്കെതിരായ മത്സരത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മത്സരത്തിനിടെ പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ എഫ്.സി അൻഡോറയുടെ ഇക്വറ്റോറിയൽ ഗിനിയൻ അന്താരാഷ്ട്ര ഗോൾകീപ്പർ ജീസസ് ഓവോനോയുമായി മൈതാനമധ്യത്തിൽ വെച്ച് ഡി മിഗ്വേൽ കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചിൽ ശക്തമായി ആഘാതമേറ്റ മിഗ്വേൽ ഉടൻ തന്നെ മൈതാനത്ത് വീഴുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു.
തുടർന്ന് ഗ്രൗണ്ടിൽ വെച്ചുതന്നെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആംബുലൻസ് യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചു. ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മിഗ്വേലിന്റെ വേർപാടിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ടെനെരിഫെ ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക്: സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ അന്തരിച്ചു