ഭൂമിയെ വലംവെക്കുന്ന ചന്ദ്രന് താല്‍ക്കാലിക കൂട്ടാളിയായി ഒരു 'മിനി മൂണ്‍' കൂടി എത്തിയിരിക്കുന്നു. ഏകദേശം 6 അടി (2 മീറ്റര്‍) വലിപ്പമുള്ള '2026 QQ8' എന്ന ഛിന്നഗ്രഹം 2026 ഏപ്രിലിലാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖലയിലേക്ക് പ്രവേശിച്ചത്. ഈ വര്‍ഷം ഡിസംബര്‍ വരെയോ അടുത്ത വര്‍ഷം ജനുവരി വരെയോ ഇത് ഭൂമിയെ ചുറ്റിസഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ കുഞ്ഞന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. നിശ്ചിത കാലയളവിന് ശേഷം ഇത് ഭൂമിയുടെ പിടിവിട്ട് സൗരയൂഥത്തിലൂടെയുള്ള സാധാരണ യാത്ര തുടരും. അഥവാ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാല്‍ തന്നെ, നിലത്ത് പതിക്കുന്നതിന് മുന്‍പ് ഘര്‍ഷണം മൂലം കത്തിനശിക്കാനാണ് സാധ്യത.
ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പോലും '2026 QQ8' ഏകദേശം 5,68,000 കിലോമീറ്റര്‍ അകലെയായിരിക്കും. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ ഏകദേശം 1.5 മടങ്ങാണ്. 2026 ഓഗസ്റ്റ് 20-ന് ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റിന്‍ സ്‌നെസ്‌കി ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ മൈനര്‍ പ്ലാനറ്റ് സെന്റര്‍ (MPC) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ താല്‍ക്കാലികമായി ആകര്‍ഷിക്കപ്പെടുകയും കുറച്ചുകാലത്തേക്ക് ഭൂമിയെ വലംവെക്കുകയും ചെയ്യുന്ന ചെറിയ ഛിന്നഗ്രഹങ്ങളെയാണ് 'മിനി മൂണ്‍' എന്ന് വിളിക്കുന്നത്. ഹവായ് സര്‍വകലാശാലയിലെ 2.2 മീറ്റര്‍ ടെലിസ്‌കോപ്പും ലോവല്‍ ഡിസ്‌കവറി ടെലിസ്‌കോപ്പും ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ, ഇത് മനുഷ്യനിര്‍മ്മിതമായ ബഹിരാകാശ മാലിന്യമല്ലെന്നും പ്രകൃതിദത്തമായ ഛിന്നഗ്രഹമാണെന്നും സ്ഥിരീകരിച്ചു.
'ഏറ്റണ്‍' വിഭാഗത്തില്‍പ്പെട്ട ഛിന്നഗ്രഹമാണിത്. ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്നതും, ഇടയ്ക്കിടെ ഭൂമിയുടെ ഭ്രമണപഥം മുറിച്ചുകടക്കുന്നതും, ഭൂമിയേക്കാള്‍ സൂര്യനോട് അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. 2026 ഏപ്രിലില്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണ സ്വാധീനം സൂര്യനേക്കാള്‍ കൂടുതലുള്ള 'ഹില്‍ സ്ഫിയര്‍' മേഖലയ്ക്ക് സമീപത്തുകൂടി കടന്നുപോയപ്പോഴാണ് ഇത് ഭൂമിയുടെ പിടിയിലായത്.
ഭൂമിയെ ചുറ്റുന്ന ഇതിന്റെ പാത കൃത്യമായ വൃത്താകൃതിയിലല്ല, മറിച്ച് ക്രമരഹിതമായ ഒരു ലൂപ്പ് പോലെയാണ്. ഏകദേശം 10 വര്‍ഷത്തിലൊരിക്കല്‍ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം മുറിച്ചുകടക്കാറുണ്ട്. മുന്‍പും 2020 SO, 2020 CD3, 2024 PT5 തുടങ്ങിയ ഛിന്നഗ്രഹങ്ങളെ ഭൂമി താല്‍ക്കാലികമായി പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം, ഭൂമിയെ ചുറ്റുന്നതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ സൂര്യനെ ചുറ്റുകയും ഭൂമിയുടേതിന് സമാനമായ ഭ്രമണകാലയളവ് പാലിക്കുകയും ചെയ്യുന്ന 2025 PN7 പോലുള്ള 'ക്വാസി-മൂണുകളും' (വ്യാജ ചന്ദ്രന്മാര്‍) ബഹിരാകാശത്തുണ്ട്.
ചന്ദ്രന് കൂട്ടായി '2026 QQ8' എന്ന കുഞ്ഞന്‍ ചന്ദ്രന്‍; ഭൂമിയെ വലംവെക്കുന്നത് ഈ കാലയളവ് വരെ