ന്യൂഡല്‍ഹി: സോണിയാ ഗാന്ധി തന്റെ ഓര്‍മ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിലൂടെ താനും രാജീവ് ഗാന്ധിയും നേരിട്ട ഏറ്റവും വലിയ വ്യക്തിപരമായ ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. 1969 ജനുവരിയില്‍ ജനനത്തിനു തൊട്ടുപിന്നാലെ മരണപ്പെട്ട തങ്ങളുടെ ആദ്യ കുഞ്ഞിന്റെ വേര്‍പാടും, അതിനെ തുടര്‍ന്നുണ്ടായ വേദനയും വികാരഭരിതമായ അന്തരീക്ഷവുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.
1968 സെപ്റ്റംബറിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോണിയ തിരിച്ചറിയുന്നത്. വാര്‍ത്തയറിഞ്ഞ തങ്ങളും ഇന്ദിരാ ഗാന്ധിയും ഏറെ സന്തോഷത്തിലായി. തുടര്‍ന്ന് സോണിയയുടെ ഭക്ഷണക്രമത്തിലും ദിനചര്യകളിലും ഇന്ദിരാ ഗാന്ധി നേരിട്ട് ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങി. ചീര കഴിക്കാനും ധാരാളം പാല്‍ കുടിക്കാനും നടക്കാനുമൊക്കെ ഇന്ദിര നിര്‍ദ്ദേശിച്ചു. തനിക്ക് അത്തരം കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഇഷ്ടമല്ലായിരുന്നെങ്കിലും ഇന്ദിരയോടുള്ള ബഹുമാനം കാരണം അനുസരിക്കുകയായിരുന്നുവെന്ന് സോണിയ ഓര്‍ത്തെടുക്കുന്നു.
ഗര്‍ഭകാലം സുഗമമായി മുന്നോട്ടുപോകുന്നതിനിടെ, ഏഴാം മാസത്തിന്റെ തുടക്കത്തില്‍ സോണിയയ്ക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടര്‍ന്ന് 1969 ജനുവരി 18-ന് സോണിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കറുത്ത തലമുടിയും നീണ്ട വിരലുകളുമുള്ള മനോഹരമായ ആ കുഞ്ഞിനെ കണ്ട നിമിഷം തന്നെ അവര്‍ അവനെ നെഞ്ചിലേറ്റി. എന്നാല്‍, ജനനസമയത്ത് തന്നെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ രാജീവിനെ അറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
ദുരന്തവാര്‍ത്തയറിഞ്ഞ് ഇന്ദിരാ ഗാന്ധി തന്റെ യാത്രകള്‍ റദ്ദാക്കി ഉടന്‍ ആശുപത്രിയിലെത്തി. സോണിയയെയും രാജീവിനെയും കെട്ടിപ്പിടിച്ച് കരഞ്ഞ ഇന്ദിര മണിക്കൂറുകളോളം അവര്‍ക്കൊപ്പം ചെലവഴിച്ചു. സഞ്ജയ് ഗാന്ധിയും സഹോദരനെ ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്നു.
കുഞ്ഞിന്റെ അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ഹൈന്ദവ ആചാരപ്രകാരം നവജാതശിശുക്കളുടെ മൃതദേഹം നദിയിലൊഴുക്കുകയാണ് ചെയ്യാറുള്ളതെന്ന് രാജീവ് പറഞ്ഞെങ്കിലും സോണിയ അതിനെ ശക്തിയായി എതിര്‍ത്തു. മുന്‍പ് ഒരിക്കല്‍ നദിയില്‍ ഒഴുകിനടന്ന മൃതദേഹം നായ്ക്കള്‍ കരയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് കണ്ട ഭയാനകമായ ഓര്‍മ്മ സോണിയയ്ക്കുണ്ടായിരുന്നു. അതിനാല്‍ തന്റെ കുഞ്ഞിനെ നദിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് രാജീവും സഞ്ജയ് ഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുകയും മെഹ്രൗളിയിലുള്ള ഫിറോസ് ഗാന്ധിയുടെ ഫാമിലെ മനോഹരമായ ഒരു പിങ്ക് ബോഗണ്‍വില്ല ചെടിയുടെ ചുവട്ടില്‍ കുഞ്ഞിനെ അടക്കം ചെയ്യുകയുമായിരുന്നു.
ഈ ദുരന്തത്തിന് പിന്നാലെ വലതുപക്ഷ പ്രതിപക്ഷ പത്രത്തില്‍ വന്ന ക്രൂരമായ ഒരു വാര്‍ത്ത സോണിയയെ കൂടുതല്‍ തളര്‍ത്തി. തങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ആ റിപ്പോര്‍ട്ട് കണ്ട സോണിയ കരഞ്ഞു തളര്‍ന്നപ്പോള്‍, ഇത്തരം തെറ്റായ വാര്‍ത്തകളെ അവഗണിക്കാനാണ് രാജീവ് ഉപദേശിച്ചത്. ഈ സങ്കടത്തില്‍ നിന്ന് കരകയറാന്‍ തേജ് ബച്ചന്‍ (അമിതാഭ് ബച്ചന്റെ അമ്മ) സമ്മാനിച്ച ഒരു നായക്കുട്ടിയും, പിന്നീട് ഇന്ദിരാ ഗാന്ധിയോടൊപ്പം നടത്തിയ അഫ്ഗാനിസ്ഥാന്‍ യാത്രയും അവരെ സഹായിച്ചു. അതേ വര്‍ഷം ഒക്ടോബറില്‍ സോണിയ വീണ്ടും ഗര്‍ഭിണിയാവുകയും, പൂര്‍ണ്ണ വിശ്രമത്തിന് ശേഷം 1970 ജൂണ്‍ 19-ന് രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കുകയും ചെയ്തു.
ആദ്യ കണ്‍മണിയുടെ വേര്‍പാട്, ഉള്ളുലയ്ക്കുന്ന ഓര്‍മ്മകള്‍: ഓര്‍മ്മക്കുറിപ്പില്‍ മനസ്സുതുറന്ന് സോണിയാ ഗാന്ധി