ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വായുമലിനീകരണത്തില്‍ രാജ്യം എന്തിനാണ് 'വിശ്വഗുരു'വാകുന്നതെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ നാമമാത്രമായ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ശുദ്ധവായു എന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്നും അത് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും എക്‌സിലെ (X) കുറിപ്പില്‍ ഖാര്‍ഗെ വ്യക്തമാക്കി.
വെറും പിആര്‍ സ്റ്റണ്ടുകളും പാലിക്കാത്ത വാഗ്ദാനങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളുമാണ് വായുമലിനീകരണ വിഷയത്തില്‍ ബിജെപിയുടെ മുഖമുദ്രയെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. മലിനീകരണ കണക്കുകള്‍ മറച്ചുവെക്കാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ക്വാളിറ്റി നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും വെള്ളം തളിച്ച് കണക്കുകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെങ്കില്‍, ഇത്തവണ മലിനീകരണം ഉച്ചസ്ഥായിയിലായപ്പോള്‍ ഡല്‍ഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 36 എണ്ണത്തില്‍ നിന്നും പിഎം 2.5 (PM 2.5) റീഡിങ്ങുകള്‍ അപ്രത്യക്ഷമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 12 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വായുമലിനീകരണ വിഷയത്തില്‍ വാക്കുകള്‍ കൊണ്ട് മാത്രമാണ് നടപടിയെടുത്തതെന്നും ഖാര്‍ഗെ ആരോപിച്ചു. 2019 മേയില്‍ പ്രധാനമന്ത്രി ഇതൊരു വെല്ലുവിളിയായി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഡല്‍ഹി-എന്‍സിആര്‍ കൂടാതെ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളും ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടുകയാണ്. വായുമലിനീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് 'ഹവാ കാ ഹിസാബ്' (വായുവിന്റെ കണക്ക്) നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
'വായുമലിനീകരണത്തില്‍ രാജ്യം 'വിശ്വഗുരു' ആകുന്നത് എന്തുകൊണ്ട്?'; മോദി സര്‍ക്കാരിനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ