കൊല്ലം: സംവിധായകൻ നിതേഷ് തിവാരിയുടെ 'രാമായണ' ഒന്നാം ഭാഗം തിയേറ്ററുകളിൽ വൻ ഹിറ്റായതോടെ, ചടയമംഗലത്തെ ജടായു എർത്ത് സെന്ററിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം. ചിത്രത്തിൽ രാവണന്റെ പുഷ്പക വിമാനത്തിൽ നിന്ന് സീതയെ മോചിപ്പിക്കാൻ ജടായു നടത്തുന്ന പോരാട്ട രംഗം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ജടായു എർത്ത് സെന്റർ സോഷ്യൽ മീഡിയയിലും ട്രാവൽ വ്ലോഗുകളിലും തരംഗമായതോടെയാണ് ലോകപ്രശസ്തമായ ജടായു ശില്പം നേരിട്ട് കാണാൻ സഞ്ചാരികൾ ചടയമംഗലത്തേക്ക് ഒഴുകിയെത്തുന്നത്.
നിലവിൽ ദിവസവും ഏഴായിരത്തിലധികം സന്ദർശകർ ഇവിടെ എത്തുന്നതായി അധികൃതർ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഭൂരിഭാഗവും. ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ ഇനിയും വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. എം.സി റോഡ് വഴി ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ജടായുപ്പാറ സന്ദർശിക്കുന്നത് വളരെ എളുപ്പമാണ്. പാറയ്ക്ക് മുകളിലുള്ള കോദണ്ഡരാമ ക്ഷേത്രവും ഭക്തരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു.
ചടയമംഗലത്തെ കൂറ്റൻ പാറക്കെട്ടിന് മുകളിൽ 200 അടി നീളത്തിൽ രാജീവ് അഞ്ചൽ രൂപകൽപ്പന ചെയ്ത ബൃഹത്തായ ശില്പമാണ് ജടായു ശില്പം. സിനിമയുടെ റിലീസിന് ശേഷം പ്രമുഖ വ്യക്തിത്വങ്ങളും കണ്ടന്റ് ക്രിയേറ്റർമാരും ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ചിരുന്നു. സിനിമയിലെ ഗ്രാഫിക്സ് ദൃശ്യങ്ങളും യഥാർത്ഥ ശില്പവും താരതമ്യം ചെയ്തുകൊണ്ടുള്ള ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് വീഡിയോകളും ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്.
കഴിഞ്ഞ ദിവസം ഗവർണർ ഓം പ്രകാശ് മാഥൂറും ജടായു എർത്ത് സെന്റർ സന്ദർശിച്ചിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ഇവിടെ ചെലവഴിച്ച ഗവർണർ, റോപ് വേ വഴി പാറയ്ക്ക് മുകളിലെത്തി ജടായു ശില്പവും അവിടെ നിന്നുള്ള മനോഹരമായ ദൂരക്കാഴ്ചയും ആസ്വദിച്ചു. വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും മറ്റു വിശദാംശങ്ങളും സംഘാടകർ ഗവർണറോട് വിശദീകരിച്ചു.
'രാമായണ' സിനിമയുടെ വൻ വിജയം; ചടയമംഗലത്തെ ജടായു എർത്ത് സെന്ററിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്