ഡൽഹി: രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും ജീവിതച്ചെലവ് വർധനവും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ രാവണനുമായി ഉപമിച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം. ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
തൊഴിലില്ലായ്മയും അനിയന്ത്രിതമായ ജീവിതച്ചെലവ് വർധനവുമാണ് ഇന്നത്തെ കാലത്തെ 'ആധുനിക രാവണൻ' എന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. രാജ്യത്ത് സാധാരണക്കാരുടെ ജീവിതം മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിൽ, വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായി തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം, കേന്ദ്ര സർക്കാർ അടിസ്ഥാന പ്രശ്നങ്ങളെ പൂർണ്ണമായും അവഗണിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.