തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനായി ഇനി മൂന്ന് ടെസ്റ്റുകൾ പാസാകണം. ലേണേഴ്സ് ടെസ്റ്റിനും ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്കും പുറമെ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി വിജയിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. 2026 ഡിസംബർ ഒന്നു മുതൽ പുതിയ രീതി നിലവിൽ വരും.
റോഡപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും റോഡിൽ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിലെ പിഴവുകളും മൂലമാണെന്നാണ് പഠനങ്ങൾ പറയുന്നത്. റോഡിലെ അപകടങ്ങൾ യഥാസമയം തിരിച്ചറിഞ്ഞാൽ മിക്ക അപകടങ്ങളെയും തടയാൻ കഴിയുമെന്നതിനാൽ പരിശീലനത്തിലൂടെയും പരിശോധനയിലൂടെയും അപകടബോധം വളർത്തിയെടുക്കുന്നതിനാണ് പുതിയ ടെസ്റ്റിങ് രീതി നടപ്പിലാക്കുന്നത്.
നിലവിൽ ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം ഗ്രൗണ്ട് ടെസ്റ്റിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ നിലവിലുള്ള പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്), പാർട്ട് 2 (റോഡ് ടെസ്റ്റ്) എന്നിവയ്ക്ക് മുൻപായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തും. റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുൻകൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്നതാണ് ഈ ടെസ്റ്റ്.
ഓൺലൈൻ ആയിട്ടായിരിക്കും ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടപ്പിലാക്കുക. ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം അപേക്ഷകർക്ക് ഈ ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ അപകട സാഹചര്യങ്ങൾ അടങ്ങുന്ന 10 വീഡിയോകൾ പരിശോധിച്ച് ഹസാർഡ് കൃത്യമായി മാർക്ക് ചെയ്യുകയാണ് പരീക്ഷാ രീതി. ആകെ 60 ശതമാനം മാർക്ക് ലഭിക്കുന്ന അപേക്ഷകർ വിജയിക്കും. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിച്ചാൽ മാത്രമേ പാർട്ട് 1, പാർട്ട് 2 ടെസ്റ്റുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.