പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഉള്ളറകളിലൂടെയുള്ള അന്വേഷണവും ദുരൂഹതകളും പ്രമേയമാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൊലീസ് ക്യാമ്പിന്റെയും പൊലീസ് സ്റ്റേഷന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ, ശക്തമായ ഒരു ക്രൈം ത്രില്ലറിന്റെ സൂചനകളാണ് നൽകുന്നത്.
പൊലീസ് അന്വേഷണത്തിലെ വിവിധ നടപടിക്രമങ്ങളും കേസുകൾ തെളിയിക്കുന്നതിനായുള്ള നീക്കങ്ങളുമാണ് ടീസറിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലൂടെ തികഞ്ഞൊരു പൊലീസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
“അവളെ ഒറ്റക്കാക്കിയിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാർ...” എന്ന സംഭാഷണത്തിനൊപ്പം “കുറ്റം എന്നായാലും ഒരു നാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും” എന്ന ശക്തമായ വാക്കുകളും ടീസറിലുണ്ട്. ചിത്രത്തിന്റെ കഥാഗതിയിൽ ഒളിഞ്ഞിരിക്കുന്ന ഗൗരവമേറിയ ദുരൂഹതകളിലേക്കാണ് ഈ സംഭാഷണങ്ങൾ വിരൽചൂണ്ടുന്നത്.
പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ഇമോഷണൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശക്തമായ കഥയും കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സെപ്റ്റംബർ 11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ടീസറിന് നവമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവനാണ് ചിത്രം നിർമിക്കുന്നത്. പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവൻ, സായികുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും പ്രധാന വേഷത്തിലെത്തുന്നു.
പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദാണ് സംഗീതം. റോബി രാജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. മഹേഷ് മോഹൻ കലാസംവിധാനം, അമൽ മേക്കപ്പ്, സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈൻ എന്നിവ കൈകാര്യം ചെയ്യുന്നു.
ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. റിജാഷ് മുഹമ്മദ് സ്റ്റിൽസ്, ദീപക് ലൈൻ പ്രൊഡ്യൂസർ, എൽദോ ജോൺ പ്രൊഡക്ഷൻ മാനേജർ, ഫഹദ് (അപ്പു) പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.