'പദ്മകുമാറിന് മുന്നില്‍ സി.പി.എം കുമ്പിട്ടുനില്‍ക്കുന്നു; 'ബോംബ്' ഭയന്നുള്ള സസ്‌പെന്‍ഷന്‍ നടപടി ചിരിപ്പിക്കുന്നത്': പഴകുളം മധു എം.എല്‍.എ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിന് മുന്നിൽ സി.പി.എം നേതൃത്വം പൂർണ്ണമായും കുമ്പിട്ടുനിൽക്കുകയാണെന്ന് റാന്നി എം.എൽ.എ പഴകുളം മധു. കടുത്ത നടപടിയുണ്ടായാൽ പാർട്ടി രഹസ്യങ്ങൾ പുറത്തുവിടുമെന്ന് പദ്മകുമാർ ഭീഷണിപ്പെടുത്തുന്ന 'ബോംബ്' ഭയന്നാണ് അദ്ദേഹത്തിനെതിരെ തലോടൽ പോലെയുള്ള വെറും സസ്പെൻഷൻ നടപടിയിൽ സി.പി.എം ഒതുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. പദ്മകുമാറിനെതിരെയുള്ള ഇപ്പോഴത്തെ നാടകീയ നടപടി പൊതുസമൂഹത്തെ ചിരിപ്പിക്കുന്നതാണെന്നും എം.എൽ.എ പരിഹസിച്ചു.
യുവതി പ്രവേശന വിവാദവും ശബരിമല സ്വർണ്ണക്കൊള്ളയും മാത്രമല്ല, പദ്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ വലിയ രീതിയിലുള്ള മറ്റ് അഴിമതികളും നടന്നിട്ടുണ്ടെന്ന് പഴകുളം മധു കുറ്റപ്പെടുത്തി. ഈ സാമ്പത്തിക അഴിമതികളെക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം വേണം. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഉടൻ പുനഃസംഘടിപ്പിക്കണമെന്നും, രാഷ്ട്രീയ സ്വാധീനമില്ലാത്ത നിഷ്പക്ഷരും പ്രഗൽഭരുമായ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പൂച്ച എലിയെ പേടിപ്പിക്കുന്നത് പോലെയാണ് പദ്മകുമാർ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗങ്ങളെപ്പോലും ഭയപ്പെടുത്തുന്നതെന്ന് പഴകുളം മധു പരിഹസിച്ചു. അച്ചടക്ക നടപടിയുണ്ടായാൽ പ്രമുഖ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുമെന്ന ഭീഷണിക്ക് മുന്നിൽ പാർട്ടി നേതൃത്വം അടിയറവ് പറഞ്ഞെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന അച്ചടക്ക നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.