"മോദി ഭഗവാൻ വിഷ്ണുവിന്റെ അവതാരം, കാൽ കഴുകി വെള്ളം കുടിക്കണം": വിവാദ പരാമർശവുമായി ബോളിവുഡ് നടൻ സുദേഷ് ബേരി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ കഴുകി ആ വെള്ളം കുടിക്കണമെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി. 'Accompany Akki' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് നടന്റെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സാധാരണ മനുഷ്യനല്ലെന്നും, ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ ദൈവത്തെ നേരിട്ട് കാണാതെ ആരാധിക്കുന്നത് പോലെയാണ് തനിക്ക് നരേന്ദ്ര മോദിയെന്നും, ഇന്ത്യയെ അദ്ദേഹം രാമനോട് അടുപ്പിക്കുകയാണെന്നും ബേരി പറഞ്ഞു.
എന്തിനാണ് ആളുകൾ പ്രധാനമന്ത്രിയെ നിരന്തരം വിമർശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ബേരി പറഞ്ഞു. ചായ വിറ്റുകൊണ്ട് ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയെ ലോകമെമ്പാടും പ്രശസ്തനാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്ത അദ്ദേഹത്തെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും നടൻ വ്യക്തമാക്കി.
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ 38 ദിവസം നീണ്ടുനിന്ന ജന്തർ മന്ദറിലെ സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി (CJP) എന്ന സംഘടനയെ ബേരി രൂക്ഷമായി വിമർശിച്ചു. ജന്തർ മന്ദറിലിരുന്ന് പുതിയ പാർട്ടികൾ രൂപീകരിക്കുന്നവർ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും, അതിന് പകരം കുട്ടികൾക്കോ വൃദ്ധസദനങ്ങളിലോ പോയി സേവനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി പോലുള്ള സംഘടനകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും അവർക്ക് പിന്നിൽ ചില വ്യവസായികളുണ്ടെന്നും നടൻ ആരോപിച്ചു.
തന്നോട് സി.ജെ.പിയിൽ ചേരാൻ ചിലർ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ ഫോൺ നമ്പറുകൾ താൻ ബ്ലോക്ക് ചെയ്തതായി ബേരി വെളിപ്പെടുത്തി. തരംതാണവരാണ് ആ പാർട്ടിയിലുള്ളതെന്നും തനിക്ക് അതിൽ ചേരാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവം വിവാദമായതോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരാമർശിച്ച 'അന്ധഭക്തരുടെ' ഉത്തമ ഉദാഹരണമാണ് സുദേഷ് ബേരി എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.