ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ക്ലാസിക് ചിത്രം ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 4K അൾട്രാ എച്ച്‌ഡി ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് പുനഃപ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ പ്രശസ്ത സംവിധായകൻ ശങ്കറിന്റെ ആദ്യ ഫീച്ചർ ചിത്രമായിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ പുതിയൊരു ട്രെൻഡിന് തുടക്കമിട്ടു.
ആക്ഷൻ കിംഗ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായികയായി എത്തിയത്. ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
സംഗീതം എ.ആർ. റഹ്മാൻ, കഥയും സംഭാഷണവും ബാലകുമാരൻ, ഗാനരചന വൈരമുത്തു, വാലി, ഛായാഗ്രഹണം ജീവ, എഡിറ്റിംഗ് ബി. ലെനിൻ, വി.ടി. വിജയൻ, കലാസംവിധാനം തോട്ടാ തരാണി എന്നിവരായിരുന്നു നിർവഹിച്ചത്.
ഈ പ്രതിഭാധനരായ അണിയറ പ്രവർത്തകരുടെ മികവാണ് ‘ജെന്റിൽമാനെ’ ഇന്ത്യൻ സിനിമയിലെ മികച്ച സാങ്കേതിക നിലവാരമുള്ള ചിത്രങ്ങളിലൊന്നാക്കി മാറ്റിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ശക്തമായ സാമൂഹിക വിഷയമാണ് ചിത്രം അവതരിപ്പിച്ചത്.
ആക്ഷൻ, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ‘ജെന്റിൽമാൻ’ പുറത്തിറങ്ങിയ കാലത്തും ഇന്നും പ്രേക്ഷക മനസുകളിൽ സ്വാധീനം ചെലുത്തുന്ന ചിത്രമാണ്.
ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും റിലീസ് സമയത്ത് വൻ ജനപ്രീതി നേടിയിരുന്നു. ഇന്നും ആരാധകർ ഏറ്റുപാടുന്ന നിരവധി ഗാനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
റീ-റിലീസിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ പൂർണമായും 4കെ ഡിജിറ്റൽ റീസ്റ്റോറേഷൻ ചെയ്തിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തിലൂടെ പുതിയ തലമുറയ്ക്കും മികച്ച തിയറ്റർ അനുഭവം നൽകുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
33 വർഷങ്ങൾക്ക് ശേഷവും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നിലനിർത്തുന്ന ‘ജെന്റിൽമാൻ’ വീണ്ടും വലിയ സ്ക്രീനിലെത്തുമ്പോൾ, പഴയ തലമുറയ്ക്ക് ഗൃഹാതുര ഓർമകളും പുതിയ തലമുറയ്ക്ക് ഇന്ത്യൻ സിനിമയിലെ ഒരു ക്ലാസിക് അനുഭവിക്കാനുള്ള അവസരവുമാകും.
33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിൽ