ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം ദേശീയ രാഷ്ട്രീയത്തില്‍ വലിയ അലയടികള്‍ സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ചോടെ സമരം പുതിയ ഘട്ടത്തിലേക്ക് കടന്നത് കേന്ദ്ര ഭരണനേതൃത്വത്തെയും ബി.ജെ.പിയെയും കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരതന്ത്രങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതില്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസും തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കാണുന്നത്. വിവിധ രാഷ്ട്രീയ ചതുരംഗക്കളിയിലൂടെ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും, 'ഇന്ത്യ' സഖ്യം കൂടുതല്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയതാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. ഇന്ത്യ സഖ്യത്തിന് പുറത്തുള്ള ബി.ജെ.ഡി (BJD) പോലെയുള്ള കക്ഷികളും ചൊവ്വാഴ്ചത്തെ സമരത്തില്‍ പങ്കാളികളായത് ഭരണപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തില്‍ ഇല്ലാത്ത കക്ഷികളുടെ കൂടി പിന്തുണയോടെ മണ്ഡല പുനഃസംഘടന ഉള്‍പ്പെടെയുള്ള സുപ്രധാന ഭരണഘടനാ ഭേദഗതികള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ പദ്ധതിയിട്ടിരുന്ന കേന്ദ്ര സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. ബി.ജെ.ഡിയുടെ പാത പിന്തുടര്‍ന്ന് മറ്റു കക്ഷികളും പ്രതിപക്ഷ നിലപാടിനോട് അടുപ്പിച്ചാല്‍ വിവാദ ബില്ലുകള്‍ പാസാക്കല്‍ കേന്ദ്രത്തിന് അസാധ്യമായി മാറും.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബി.ജെ.പിക്കുള്ളിലും ഭിന്നസ്വരങ്ങള്‍ ഉയരുന്നുണ്ട്. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ ബാധ്യതയാകുമെന്ന് ഒരു വിഭാഗം ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ കരുതുന്നുണ്ടെങ്കിലും അവര്‍ നിശ്ശബ്ദത പാലിക്കുകയാണ്. മുന്‍പ് വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട രാഷ്ട്രീയ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ പക്വമായ ചര്‍ച്ചകള്‍ വേണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം പ്രക്ഷോഭത്തോട് കടുത്ത നിലപാട് തുടരണമെന്ന നിലപാടിലാണ്.
ഡല്‍ഹിയില്‍ പ്രതിപക്ഷ നീക്കം ശക്തം; ഗ്യാനേഷ് കുമാര്‍ രാജി വെക്കുമോ?; കേന്ദ്രം കടുത്ത സമ്മർദത്തിൽ