തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും ഉള്ളിലെ സർഗാത്മകതയെ കെടാതെ സൂക്ഷിച്ച നിഷാദ് നിലയ്ക്കാമുക്കിന്റെ കന്നി കവിതാസമാഹാരം 'മഴമാപിനിയുടെ അതിരുകൾക്കപ്പുറം' വായനക്കാരുടെ കൈകളിലേക്ക്. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ (SIBF) റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് നടന്ന പ്രകാശന ചടങ്ങ് അക്ഷരാർത്ഥത്തിൽ പ്രവാസലോകത്തെ ഒരു കാവ്യസംഗമമായി മാറി.
പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും സംസ്‍കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാനുമായ പൂഴനാട് ഗോപൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രവാസി വ്യവസായിയുമായ നാസർ നാഷ്‌കോ പുസ്തകപരിചയം നടത്തി.
ചടങ്ങിൽ എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ മധു നായർ കെ.പി., എഴുത്തുകാരികളായ അബ്ദിയാ ഷെഫീന, കിരൺ ബിസു എന്നിവർ ആശംസകൾ നേർന്നു. ഷെഹ്നാ എം. അവതാരകയായ ചടങ്ങിൽ, ഗ്രന്ഥകർത്താവ് നിഷാദ് നിലയ്ക്കാമുക്ക് ഏവർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറുപടി പ്രസംഗം നടത്തി.
മനുഷ്യമനസ്സിന്റെ തീവ്രമായ അനുഭവങ്ങളും, നോവും നൊമ്പരങ്ങളും, മധുരതരമായ ഓർമ്മകളും കവിതയുടെ താളത്തിൽ കോർത്തിണക്കിയ സമാഹാരമാണിത്. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് നിഷാദിന്റെ സഹോദരൻ എ. കെ. നൗഷാദ് ആണ്.
ഷാർജ എക്സ്പോ സെന്ററിലെ ഏഴാം ഹാളിലുള്ള ഇന്ത്യൻ പവലിയനിൽ നടന്ന ചടങ്ങിൽ നിരവധി സാഹിത്യപ്രേമികളും വായനക്കാരും സന്നിഹിതരായിരുന്നു. പ്രവാസത്തിന്റെ പരിമിതികൾക്കപ്പുറം കവിതയുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്ന നിഷാദ് നിലയ്ക്കാമുക്കിന്റെ ഈ ആദ്യ ഉദ്യമത്തിന് വായനാലോകത്ത് നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. (പി.ആർ.ഒ: അജയ് തുണ്ടത്തിൽ)
പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച് കാവ്യവസന്തം; നിഷാദ് നിലയ്ക്കാമുക്കിന്റെ 'മഴമാപിനിയുടെ അതിരുകൾക്കപ്പുറം' ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു