ആലപ്പുഴ: പുന്നമടക്കായലില്‍ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ അരങ്ങേറ്റത്തില്‍ തന്നെ സാന്നിധ്യമറിയിച്ച് മൂന്ന് കന്നി ചുണ്ടന്‍ വള്ളങ്ങള്‍. കന്നി അങ്കത്തില്‍ തന്നെ നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന്‍ ചരിത്രം കുറിച്ചപ്പോള്‍, തങ്ങളുടെ വരവ് പ്രകടന മികവ് കൊണ്ട് അറിയിച്ച് മറ്റ് രണ്ട് കന്നി വള്ളങ്ങളായ പുണ്യാളന്‍ നിരണവും ആര്‍പ്പൂക്കര ചുണ്ടനും വാര്‍ത്തകളില്‍ ഇടംനേടി.
കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ പുണ്യാളന്‍ നിരണം ചുണ്ടന്‍, ഇമ്മാനുവല്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ ആര്‍പ്പൂക്കര ചുണ്ടന്‍ എന്നിവരാണ് അരോമയ്ക്ക് പുറമേ ഇത്തവണ പുന്നമടയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ മറ്റ് രണ്ട് വള്ളങ്ങള്‍. കോട്ടയത്തുനിന്നുള്ള ആദ്യ ജനകീയ ചുണ്ടന്‍ വള്ളമെന്ന വിലാസവുമായെത്തിയ ആര്‍പ്പൂക്കര ചുണ്ടന്‍ ലൂസേഴ്സ് ഫൈനലില്‍ രണ്ടാം സ്ഥാനത്ത് എത്തി. 4:34.524 മിനിറ്റില്‍ ഫിനിഷ് ചെയ്ത ഈ ചുണ്ടന്‍ സമയത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്റു ട്രോഫിയില്‍ ആറാം സ്ഥാനത്താണ് എത്തിയത്. 4:35.200 മിനിറ്റില്‍ ഫിനിഷ് ചെയ്ത പുണ്യാളന്‍ നിരണം ചുണ്ടന്‍ ലൂസേഴ്സ് ഫൈനലില്‍ നാലാമതും നെഹ്‌റു ട്രോഫിയില്‍ ആകെയുള്ള കണക്കില്‍ എട്ടാമതുമെത്തി. അഞ്ചാം ഹീറ്റ്‌സില്‍ ഒന്നിച്ചുമത്സരിച്ച ഇരു വള്ളങ്ങളും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.
കന്നി മത്സരത്തില്‍ തന്നെ മികച്ച സമയം കുറിച്ചതോടെ മൂന്ന് പുതിയ ചുണ്ടന്‍ വള്ളങ്ങളും ചാമ്പ്യന്‍സ് ബോട്ട് ലീഗിലേക്ക് യോഗ്യത നേടി. പുന്നമടയില്‍ ഒത്തുചേര്‍ന്ന ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തിയാണ് ഈ മൂന്ന് പുതിയ വള്ളങ്ങളും വള്ളംകളി പ്രേമികളുടെ മനംകവര്‍ന്നത്.
അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങി കന്നി ചുണ്ടന്മാര്‍; നെഹ്റു ട്രോഫിയില്‍ പുതിയ ചരിത്രം